കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട്ടിലെ റിസോര്‍ട്ടില്‍ വച്ചാണ് ബോബി ചെമ്മണ്ണൂരിനെ എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്. ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വയനാട് പൊലീസ് ചൊവ്വാഴ്ച രാത്രി തന്നെ ബോബി ചെമ്മണ്ണൂരിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുവന്നിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ വിവരത്തെ തുടര്‍ന്ന് രാവിലെ റിസോര്‍ട്ടില്‍ ബോബിയെ തടഞ്ഞുവക്കുകയായിരുന്നു. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് ബോബി ചെമ്മണൂരിനെ ഉടന്‍ എത്തിക്കും. നടി പരാതി നല്‍കിയതിന് പിന്നാലെ ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കുന്നു. ഹണി റോസിനെ മോശമായി ചിത്രീകരിക്കണമെന്ന് കരുതിയായിരുന്നില്ല തന്റെ പരാമര്‍ശമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നു. ബോബി ചെമ്മണ്ണൂരിന് പുറമെ ഹണി റോസിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ അധിക്ഷേപ കേസില്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് കൊച്ചി പൊലീസ് വിവരങ്ങള്‍ തേടി. ഈ പരാതിയില്‍ മൊഴി നല്‍കിയ ഹണി റോസ് ഇന്‍സ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം പൊലീസിന് കൈമാറി. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു.
സ്വര്‍ണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയില്‍ ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ കുറിച്ച് ദ്വയാര്‍ഥ പ്രയോഗം നടത്തിയിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടി പ്രതികരിച്ചപ്പോള്‍ താഴെ രൂക്ഷമായ സൈബര്‍ അധിക്ഷേപം നടന്നിരുന്നു.