ദുബായ്: കാർ റേസിങ് ട്രാക്കിൽ പരിശീലനത്തിനിടെ നടൻ അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു. താരം പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി എക്സ് അക്കൗണ്ടിൽ വീഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് വ്യക്തമാക്കി. ദുബൈയിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തവെയാണ് നടൻ ഓടിച്ച കാർ അപകടത്തിൽ പെട്ടത്. അജിത് ഓടിച്ച കാർ അതിവേഗത്തിൽ ക്രാഷ് ബാരിയറിലേക്ക് ഇടിക്കുന്നതും ശേഷം പലതവണ കറങ്ങിയ ശേഷം നിൽക്കുന്നതുമാണ് വീഡിയോയിലുള്ളത്. ചൊവ്വാഴ്ച ദുബായിലെ റേസിങ് ട്രാക്കിലെ പരിശീലനത്തിനിടെയായിരുന്നു അപകടം. അജിത്ത് ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ഏറെനേരം വട്ടംകറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. 24എച്ച് ദുബായ് 2025 എന്നറിയപ്പെടുന്ന 24 മണിക്കൂർ റേസിനായുള്ള തയ്യാറെടുപ്പിലായിരുന്നു അജിത്തും ടീം അംഗങ്ങളും. മാത്യു ഡെട്രി, ഫാബിയൻ ഡഫിയൂക്സ്, കാമറൂൺ മക്ലിയോഡ് എന്നിവരാണ് അദ്ദേഹത്തിന്റെ ടീം അംഗങ്ങൾ.മാസങ്ങൾക്കു മുമ്പാണ് അജിത്ത് ‘അജിത് കുമാർ റേസിങ്’ എന്ന പേരിൽ സ്വന്തം റേസിങ് ടീം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ബാഴ്സലോണയിൽ ഒരു ടെസ്റ്റ് സെഷനുവേണ്ടിയും അജിത്ത് പോയിരുന്നു. റേസിനായി ഷാർജയിലെ ട്രാക്കിലും അജിത്തും സംഘവും പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു.സിനിമയ്‌ക്ക് പുറമേ കാർ റേസിങിലും താൽപര്യമുള്ള അജിത് കഴിഞ്ഞ ദിവസം കുടുംബത്തോട് യാത്ര പറഞ്ഞ് ദുബൈയിലേക്ക് തിരിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജനുവരി 11,12,13 തീയതികളിലായാണ് ദുബൈയിൽ റേസിങ് നടക്കുന്നത്. അന്താരാഷ്‌ട്ര കാർ റേസിങിൽ സ്വന്തമായ മേൽവിലാസം നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അജിത് മൽസരത്തിൽ പങ്കെടുക്കുന്നത്.നടൻ അജിത്തിന് കാർ റേസിങ്ങിനോടുള്ള പ്രിയം പ്രശസ്തമാണ്. റേസിങ് താരത്തിന് വെറുമൊരു ഹോബിയല്ല. ബാഴ്സലോണയിലെ റേസിങ് ട്രാക്കുകളിലടക്കം താരം കാർ റേസിങ് പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അതേസമയം, വിഡാമുയര്‍ച്ചിയാണ് അജിത്തിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. പൊങ്കലിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇത് മാറ്റുകയായിരുന്നു.