കാസര്‍കോട്: പുല്ലൂര്‍, പെരിയത്തിലെ ഒന്നാം വാര്‍ഡായ കുണിയയില്‍ തെരുവ് നായ ശല്യം അതിരൂക്ഷം. വീട്ടുമുറ്റത്തെ പുത്തന്‍ കൂട് തകര്‍ത്ത തെരുവുനായക്കൂട്ടം 15 മുട്ടക്കോഴികളെ കടിച്ചു കൊന്നു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ മമ്മുവിന്റെ വീട്ടുമുറ്റത്താണ് തെരുവു നായക്കൂട്ടം വിളയാടിയത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടത്തിനു സമീപത്തെ വാടകവീട്ടിലാണ് മമ്മുവും കുടുംബവും താമസം. കഴിഞ്ഞ ദിവസമാണ് 25 മുട്ടക്കോഴികളെയും പുതിയ കൂടും മമ്മു വാങ്ങിച്ചത്. മുറ്റത്താണ് കൂട് സ്ഥാപിച്ചിരുന്നത്. രാത്രിയില്‍ ഇവിടെയെത്തിയ നായക്കൂട്ടം കൂടു തകര്‍ത്താണ് കോഴികളെ കൊന്നൊടുക്കിയത്. പള്ളിക്കര പഞ്ചായത്ത് ഭാഗത്തുള്ള ഒരു ഗ്രൗണ്ടില്‍ തമ്പടിച്ചിട്ടുള്ള തെരുവു നായകള്‍ കൂട്ടത്തോടെയെത്തിയാണ് കോഴികളെ പിടികൂടിയതെന്നു സംശയിക്കുന്നു. കുണിയ, സ്‌കൂള്‍ ഗ്രൗണ്ട്, കപ്പണക്കാല്‍ ഭാഗങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായിട്ടുണ്ട്.