കാസര്‍കോട്: പ്രവാസി വ്യവസായി പള്ളിക്കര, പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജി (55)യെ കൊലപ്പെടുത്തുകയും വീട്ടില്‍ നിന്നു 596 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതാവുകയും ചെയ്ത കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിടണമെന്ന് ജില്ലാ സെഷന്‍സ് കോടതി ഉത്തരവ്. ബാര, മീത്തല്‍മാങ്ങാട്, ബൈത്തുല്‍ ഫാതീമിലെ ടി.എം ഉബൈസ് എന്ന ഉവൈസ് (32), ഭാര്യ കെ.എച്ച് ശമീന എന്ന ജിന്നുമ്മ (34), പള്ളിക്കര, മുക്കൂട്, ജീലാനി നഗറിലെ താമസക്കാരി പൂച്ചക്കാട്, വലിയ പള്ളിക്കു സമീപത്തെ പി.എം അസ്‌നിഫ (43), മധൂര്‍, കൊല്യയിലെ ആയിഷ (42) എന്നിവരാണ് കേസിലെ പ്രതികള്‍.
2024 ഡിസംബര്‍ അഞ്ചിനാണ് ഇവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. പ്രതികളെ ഹൊസ്ദുര്‍ഗ് കോടതി നേരത്തെ നാലു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഡിസംബര്‍ 11ന് തിരികെ കോടതിയില്‍ ഹാജരാക്കുകയും വീണ്ടും കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഹൊസ്ദുര്‍ഗ് കോടതി ഈ ആവശ്യം തള്ളി. ഇതേ തുടര്‍ന്നാണ് കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നു ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ജില്ലാ കോടതിയെ സമീപിച്ചത്.
2023 ഏപ്രില്‍ 13നു രാത്രിയിലാണ് അബ്ദുല്‍ ഗഫൂര്‍ ഹാജിയെ വീട്ടിനകത്തു കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. കാണാതായ സ്വര്‍ണ്ണത്തില്‍ നിന്നു 103 പവന്‍ മാത്രമാണ്് കണ്ടെടുക്കാനായത്. ബാക്കി സ്വര്‍ണ്ണം കൂടി കണ്ടെടുക്കുന്നതിനാണ് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.