കണ്ണൂര്‍: കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തി(26)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്‍പതു പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ കണ്ണപുരം, ചുണ്ടയിലെ വയക്കോടന്‍ വീട്ടില്‍ പി.വി ശ്രീകാന്ത് (50), കോത്തലതാഴെ വീട്ടില്‍ കെ.ടി ജയേഷ് (35), വടക്കേവീട്ടില്‍ വി.വി ശ്രീകാന്ത് (40), പുതിയ പുരയില്‍ പി.പി അജീന്ദ്രന്‍(44), ഇല്ലിക്കല്‍ വളപ്പില്‍ ഐ.വി അനില്‍കുമാര്‍ (45), പുതിയ പുരയില്‍ പി.പി രാജേഷ് (39), ചാക്കുളപ്പറമ്പില്‍ സി.പി രഞ്ജിത്ത് (29), വടക്കേവീട്ടില്‍ വി.വി ശ്രീജിത്ത് (40), തെക്കേ വീട്ടില്‍ ടി.വി ഭാസ്‌കരന്‍ (60) എന്നിവരെയാണ് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. റിജിത്തിന്റെ കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിനു ആറു വര്‍ഷം വീതം തടവിനും ശിക്ഷിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നു കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. കേസിലെ ഒരു പ്രതി നേരത്തെ മരണപ്പെട്ടിരുന്നു. 2005 ഒക്ടോബര്‍ മാസത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 19 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസില്‍ വിധി പറഞ്ഞത്