പുത്തൂര്‍: ഇ.ഡി ചമഞ്ഞെത്തിയ സംഘം ബീഡി കമ്പനി ഉടമയുടെ വീട്ടില്‍ ‘റെയ്ഡ്’ നടത്തി ലക്ഷങ്ങളുമായി സ്ഥലം വിട്ടു. കര്‍ണ്ണാടകയിലെ പ്രമുഖ സ്വകാര്യ ബീഡി കമ്പനിയായ ‘ശൃംഗാരി’ ബീഡി കമ്പനി ഉടമ വിട്‌ള, കല്ലടുക്ക, ബൊളന്തൂരിലെ സുലൈമാന്‍ ഹാജിയുടെ പണമാണ് വ്യാജസംഘം തട്ടിയെടുത്തത്. ഇയാള്‍ നല്‍കിയ പരാതിയില്‍ വിട്‌ള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള കാറിലാണ് ഏഴു പേരടങ്ങിയ സംഘം എത്തിയത്. വീട്ടിലെത്തിയ ഉടന്‍ തമിഴ്‌നാട്ടില്‍ നിന്നു വന്ന ഇ.ഡി ഉദ്യോഗസ്ഥരാണെന്നും വീട്ടിലെ എല്ലാ മൊബൈല്‍ ഫോണുകളും കൈമാറണമെന്നും ആവശ്യപ്പെട്ടു. ഫോണുകള്‍ കൈക്കലാക്കിയ ശേഷം സംഘം അലമാരകളെല്ലാം തുറന്നു പരിശോധിച്ചു. രാത്രി 8.30 മണി മുതല്‍ 10.45 മണി വരെ നടത്തിയ പരിശോധനയ്ക്കു ശേഷം അലമാരയില്‍ ഉണ്ടായിരുന്ന 30 ലക്ഷം രൂപയുമായി ‘വ്യാജ ഇ.ഡി സംഘം’ രക്ഷപ്പെടുകയായിരുന്നു. സംഘം പോയതിനു ശേഷമാണ് സുലൈമാനു സംഘത്തെ കുറിച്ചു സംശയം ഉണ്ടായത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടു.
സുലൈമാന്‍ ഹാജി അടുത്തിടെ തന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഒരു കെട്ടിടം 3.60 കോടി രൂപയ്ക്ക് വില്‍പ്പന നടത്തിയിരുന്നു. ഈ തുക വീട്ടില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാജ ഇ.ഡി സംഘം എത്തിയതെന്നു സംശയിക്കുന്നു.