കണ്ണൂര്‍: സഹകരണ സ്ഥാപനത്തില്‍ നിന്നു ഒന്നരക്കോടി രൂപ തട്ടിയെടുത്ത കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ഇരിട്ടി, ചരള്‍, മുരിക്കുംകരയില്‍ പറക്കനശ്ശേരി ഹൗസില്‍ സി.എ സെബാസ്റ്റ്യ(77)നെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീര്‍ത്തിബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. അങ്ങാടിക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഇരിട്ടി ബ്ലോക്ക് അഗ്രിക്കള്‍ച്ചറല്‍ ആന്റ് അലൈഡ് എംപ്ലോയീസ് വെല്‍ഫയര്‍ സൊസൈറ്റി പ്രസിഡണ്ടാണ് അറസ്റ്റിലായ സെബാസ്റ്റ്യന്‍. സെക്രട്ടറി ജോളിയുമായി ചേര്‍ന്ന് സെബാസ്റ്റിയന്‍ സ്ഥാപനത്തില്‍ നിന്നു ഒന്നരക്കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 2023 വര്‍ഷത്തെ ഓഡിറ്റിംഗിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തില്‍ കരിക്കോട്ടക്കരി പൊലീസാണ് കേസെടുത്തിരുന്നത്. വന്‍ തുകയുടെ തട്ടിപ്പാണ് നടന്നതെന്നതിനാല്‍ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ സെബാസ്റ്റ്യന്‍ കോണ്‍ഗ്രസില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സെക്രട്ടറി ജോളി ഒളിവിലാണ്. ഇയാള്‍ക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി.