കാസര്‍കോട്: ആള്‍ക്കാരെ ഇറക്കുന്നതിനായി നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനും ടിപ്പര്‍ ലോറിക്കും ഇടയില്‍ കാര്‍ കുടുങ്ങി. അപകടത്തെത്തുടര്‍ന്ന് ഒരു ഭാഗത്തേക്ക് ചെരിഞ്ഞ ബസില്‍ നിന്നു പുറത്തേക്ക് തെറിച്ചു വീണ് യാത്രക്കാരിക്കു പരിക്കേറ്റു. കാറിലുണ്ടായിരുന്ന ആള്‍ ഭാഗ്യം കൊണ്ട് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 11.30മണിയോടെ കുമ്പള-ബദിയഡുക്ക റോഡിലാണ് അപകടം. ബദിയടുക്ക ഭാഗത്തേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്. കുമ്പള ടൗണില്‍ യാത്രക്കാരെ ഇറക്കാനായി നിര്‍ത്തിയതായിരുന്നു. ഈ സമയത്ത് അതേ ദിശയില്‍ പിന്നില്‍ നിന്നും കാറും ടിപ്പര്‍ ലോറിയും എത്തിയതാണ് അപകടത്തിനു ഇടയാക്കിയത്. കാറിന്റെ ഇരു സൈഡിലും കാര്യമായ തകരാര്‍ ഉണ്ടായി. അപകടത്തെത്തുടര്‍ന്ന് അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു. കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസെത്തി മൂന്നു വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.