അഹമ്മദാബാദ്: ബംഗ്‌ളൂരുവിനു പിന്നാലെ ഗുജറാത്തിലും എച്ച്.എം.പി.വി വൈറസ് സ്ഥിരീകരിച്ചു. അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതയ്ക്കു നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഭയക്കേണ്ടതില്ലെന്നും ഏതു സാഹചര്യവും നേരിടാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ചൈനയില്‍ ഹ്യൂമന്‍ മെറ്റാ ന്യൂമോ വൈറസ് രോഗബാധ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഇന്ത്യയില്‍ ബംഗ്‌ളൂരുവിലാണ് ആദ്യത്തെ രോഗബാധ സ്ഥിരീകരിച്ചത്. ബംഗ്‌ളൂരു, യെലഹങ്കയിലെ ആശുപത്രിയില്‍ എട്ടും മൂന്നും മാസം പ്രായമുള്ള കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടു കുട്ടികളുടെയും ആരോഗ്യ നില തൃപ്തികരമാണെന്നു കര്‍ണ്ണാടക, ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു. ഇതില്‍ എട്ടുമാസം പ്രായമായ കുട്ടിയെ ചികിത്സിച്ചു ഭേദമാക്കിയ ശേഷം ആശുപത്രിയില്‍ നിന്നു വിട്ടയച്ചു.