ഗാന്ധിനഗര്‍: ഗുജറാത്തിലെ കച്ചില്‍ 18കാരി 540 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണു.
കച്ചിലെ ഭുജ്താലൂക്കിലെ കണ്ടേറൈയില്‍ തിങ്കളാഴ്ച രാവിലെ 6.30നായിരുന്നു അപകടം. രാജസ്ഥാനില്‍ നിന്നു തൊഴില്‍ തേടിയെത്തിയ കുടുംബത്തിലെ അംഗമാണ് അപകടത്തില്‍പ്പെട്ട പെണ്‍കുട്ടി. 540 അടി താഴ്ചയുള്ള കുഴല്‍ക്കിണറിന്റെ 490 അടി താഴ്ചയിലാണ് പെണ്‍കുട്ടി തങ്ങിനില്‍ക്കുന്നതെന്നു ഭുജ് ഡെപ്യൂട്ടി കളക്ടര്‍ എ.ബി ജാദവ് വെളിപ്പെടുത്തി.
18 വയസ്സുള്ള യുവതി കുഴല്‍ക്കിണറില്‍ വീണു എന്ന വീട്ടുകാരുടെ പരാതി അധികൃതര്‍ ആദ്യം അവിശ്വസിക്കുകയായിരുന്നു. എങ്കിലും ഉച്ചയ്ക്കു ശേഷം ക്യാമറ ഉപയോഗിച്ചു പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറായതോടെയാണ് അബോധാവസ്ഥയിലായ നിലയില്‍ കുഴല്‍ക്കിണറിനുള്ളില്‍ യുവതി ഉള്ളതായി കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി കളക്ടര്‍ പറഞ്ഞു. പ്രാദേശിക രക്ഷാ ടീം കുഴല്‍കിണറിനുള്ളിലേക്കു തുടര്‍ച്ചയായി ഓക്‌സിജന്‍ കടത്തി വിട്ടു കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം യുവതിയെ പുറത്തെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്. ദേശീയ പ്രകൃതിക്ഷോഭ ദുരന്ത പ്രതികരണ വിഭാഗം, അതിര്‍ത്തി രക്ഷാസേന എന്നിവ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.