തിരുവനന്തപുരം: മംഗലംകളിയുടെ നാടു സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അഭിമാനകരമായ നേട്ടം കൊയ്തു. 17 സ്‌കൂള്‍ ടീമുകളോട് മത്സരിച്ച ബാനം ഗവ.ഹൈസ്‌കൂള്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി. 17 ടീമുകളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയാണ് ബാനം സ്‌കൂള്‍ മികവ് പുലര്‍ത്തിയത്. കാസര്‍കോട് ജില്ലയിലെ മാവില-മലവേട്ടുവ സമുദായത്തിന്റെ തനതുകലാരൂപമായ മംഗലംകളി ഇത്തവണയാണ് കലോത്സവ മാന്വലില്‍ ഉള്‍പ്പെടുത്തിയത്. തുടി താളത്തിനും പാട്ടിനുമൊത്ത് ചുവടുവച്ച് മത്സരാര്‍ത്ഥികള്‍ കാണികളുടെ മനം കവര്‍ന്നു. ഇരു സമുദായങ്ങളുടേയും ചുവടുകളും പാട്ടുകളും ചേര്‍ത്തായിരുന്നു അവതരണം. സുനില്‍ ബാനം, സുനിതസുനില്‍ എന്നിവരായിരുന്നു കുട്ടികളുടെ പരിശീലകര്‍.
മംഗലംകളിയില്‍ എ ഗ്രേഡ് നേടി ചരിത്രനേട്ടവുമായി തിരിച്ചെത്തിയ ബാനം ഗവ.ഹൈസ്‌കൂള്‍ കുട്ടികളെ സ്‌കൂള്‍ പിടിഎ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ വരവേറ്റു. 250 ല്‍ താഴെ കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളാണ് ഈ നേട്ടം കൈവരിച്ചതെന്നതു വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാര്‍, വൈസ് പ്രസിഡന്റ് പി.രാജീവന്‍, എസ്.എം.സി ചെയര്‍മാന്‍ ബാനം കൃഷ്ണന്‍, വികസന സമിതി ചെയര്‍മാന്‍ കെ.എന്‍ ഭാസ്‌കരന്‍, പ്രധാനധ്യാപിക സി.കോമളവല്ലി, സീനിയര്‍ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രന്‍, ടീം മാനേജര്‍ അനൂപ് പെരിയല്‍ പ്രസംഗിച്ചു.