ലക്‌നൗ: വിവാഹചടങ്ങുകള്‍ക്കിടെ നവവധു സ്വര്‍ണങ്ങളും പണവുമായി മുങ്ങിയതായി പരാതി. ഗോരഖ്പുരിലെ ഭരോഹിയയിലെ ഖജ്നിയിലുള്ള ശിവക്ഷേത്രത്തിലാണ് സംഭവം നടന്നത്.
സീതാപൂരിലെ ഗോവിന്ദ്പൂര്‍ ഗ്രാമത്തിലെ കര്‍ഷകനായ കമലേഷ് എന്നയാളുടെ രണ്ടാം വിവാഹത്തിനിടെയാണ് നാടകീയ സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ചടങ്ങുകള്‍ക്കായി മാതാവിനോടൊപ്പമാണ് യുവതി ക്ഷേത്രത്തിലെത്തിയത്. ചടങ്ങുകള്‍ ആരംഭിച്ചപ്പോള്‍ ശുചിമുറിയിലേക്ക് പോയ യുവതിയെ കാണാതായി. പിന്നീട് അന്വേഷിച്ചപ്പോഴാണ് മുങ്ങിയതായി വ്യക്തമായത്. ഇവരുടെ മാതാവും ഒപ്പം മുങ്ങിയിരുന്നു. യുവതിക്ക് സാരിയും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ആഭരണങ്ങളും നല്‍കിയെന്നും വിവാഹച്ചെലവ് താന്‍ നേരത്തെ വഹിച്ചിരുന്നതായും കമലേഷ് പറയുന്നു.
സംഭവത്തെക്കുറിച്ച് ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സൗത്ത് പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാര്‍ പറഞ്ഞു.