കാസര്‍കോട്: രോഗബാധിതനായി കഴിയുന്ന കുമ്പള ബട്രമ്പാടിയിലെ പി. സുകുമാരന്റെ പേരില്‍ അദ്ദേഹമറിയാതെ കുമ്പള മെര്‍ച്ചന്റ്സ് വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ നിന്നു ലേണെടുത്തെന്നു സുകുമാരന്‍ പൊലീസില്‍ പരാതിപ്പെട്ടു. ബാങ്ക് സെക്രട്ടറി പൂര്‍ണ്ണിമ, ദാമോദര, ജയലക്ഷ്മി എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്.
ഇതു സംബന്ധിച്ചു നേരത്തെ സഹകരണ സംഘത്തിനും സഹകരണവകുപ്പിനും നല്‍കിയിരുന്ന പരാതിയെക്കുറിച്ചു അന്വേഷിച്ച സഹകരണ വകുപ്പിലെ ജീവനക്കാരായ ബൈജുരാജ്, അഡ്മിനിസ്ട്രേറ്ററായിരുന്ന സുനില്‍ കുമാര്‍ എന്നിവര്‍ കുറ്റവാളികളെ സംരക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നു പരാതിയില്‍ സൂചിപ്പിച്ചു.
കേസിന്റെ അന്വേഷണ പുരോഗതി സംസ്ഥാനത്തെ ഏതു പൊലീസ് സ്റ്റേഷനില്‍ നിന്നും കേരള പൊലീസ് വെബ്സൈറ്റ് വഴിയും പരിശോധിക്കാവുന്നതാണെന്നു പൊലീസ് അറിയിച്ചിട്ടുണ്ട്. മെര്‍ച്ചന്റ്സ് വെല്‍ഫെയര്‍ സംഘത്തിലെ എ 115-ാം നമ്പര്‍ അംഗവും 2039 അക്കൗണ്ട് ഉടമയുമായ സുകുമാരന്റെ പേരില്‍ 2018 ലാണ് സുകുമാരന്‍ അറിയാതെ ലോണെടുത്തത്. ഇക്കാര്യം ആളുകള്‍ പറഞ്ഞു രസിക്കുന്നത് കണ്ട് നേരറിയാന്‍ 2023 ല്‍ സുകുമാരന്‍ ബാങ്കില്‍ ചെന്നു തന്റെ പേരിലുള്ള ലോണിന്റെ സ്റ്റേറ്റ്മെന്റ് ആവശ്യപ്പെട്ടു. സെക്രട്ടറി സുകുമാരന്റെ അപേക്ഷ സൗമ്യപൂര്‍വ്വം നിരസിച്ചു. പല തവണ ചോദിച്ചിട്ടും മറുപടി കിട്ടാഞ്ഞ് ബാങ്ക് പ്രസിഡണ്ട് അബ്ദുല്‍ സത്താറിനോട് പരാതി പറഞ്ഞു. സ്റ്റേറ്റ്മെന്റ് ആവശ്യപ്പെടുകയും ചെയ്തു. സത്താറും സുകുമാരന്റെ ആവശ്യം അവഗണിച്ചു. 2024 ആഗസ്റ്റ് 8നു അഡ്മിനിസ്ട്രേറ്റര്‍ ഭരണം ബാങ്കില്‍ വന്നപ്പോള്‍ സുകുമാരന്‍ വീണ്ടും പരാതിയുമായെത്തി. അതോടെ ആള്‍മാറാട്ട വായ്പ പ്രശ്നത്തിനു ചൂടു പിടിച്ചു. സുകുമാരന്റെ പേരിലുള്ള വ്യാജലോണിനു സാക്ഷികള്‍ സംഘം അംഗങ്ങളായ ജലജാക്ഷിയും പി ഹംസയുമായിരുന്നു. ജലജാക്ഷിയോടു താന്‍ ലോണെടുക്കുന്നതു കണ്ടോ എന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടിയെന്നു പൊലീസിനു നല്‍കിയ പരാതിയില്‍ സുകുമാരന്‍ പറഞ്ഞു. സംഘം തനിക്കു പണം തരുന്നതു കണ്ടോ എന്ന ചോദ്യത്തിനും ഇല്ലെന്നു തന്നെ മറുപടി പറഞ്ഞു. എങ്കില്‍ പിന്നെ എന്തിനു ഒപ്പിട്ടു എന്ന ചോദ്യത്തിനു ദാമു പറഞ്ഞതു കൊണ്ട് ഒപ്പിട്ടുവെന്നായിരുന്നുവത്രെ അവരുടെ മറുപടി. രണ്ടാം സാക്ഷി എ ഹംസയുടെ അംഗത്വ നമ്പര്‍ 159 ആണെന്നും എന്നാല്‍ ജാമ്യത്തിന്റെ റെക്കാര്‍ഡില്‍ 153 എന്നാണ് എഴുതിയിട്ടുള്ളതെന്നും സുകുമാരന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. 153-ാം നമ്പര്‍ അംഗം സി.എച്ച് മുഹമ്മദ് കുഞ്ഞിയാണ്.
അഡ്മിനിസ്ട്രേറ്റര്‍ക്കു പരാതി കൊടുത്തയുടനെ അഡ്മിനിസ്ട്രേറ്ററും സെക്രട്ടറിയും അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജുരാജും ദാമുവും കൂടി സുകുമാരന്റെ വീട്ടില്‍ ചെന്നു. പരാതി പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. അല്ലെങ്കില്‍ തങ്ങളുടെ പണി തെറിക്കുമെന്ന് അവര്‍ ഖിന്നരായി പറഞ്ഞു. ലോണ്‍ ദാമു മാര്‍ച്ചില്‍ അടച്ചു തീര്‍ക്കുമെന്നും ഉറപ്പു കൊടുത്തു. അതിനു ശേഷം ലോണ്‍ സുകുമാരന്‍ തന്നെ എടുത്താണെന്നു മേലാളര്‍ക്കു റിപ്പോര്‍ട്ടും കൊടുത്തുവെന്ന് പറയുന്നു. അതാണ് സുകുമാരനെ പ്രകോപിപ്പിച്ചത്. പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ബന്ധിതനായതും സഹകരണ പ്രസ്ഥാനത്തിന്റെ ഈ പണി കൊണ്ടാണെന്നു പറയുന്നു.