കോഴിക്കോട്: ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്. അതില്‍ മാറ്റം വരുത്തണോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഭരണാധികാരികള്‍ക്ക് നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കാമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങളെ തള്ളി പ്രതികരിക്കുകയായിരുന്നു ഗണേഷ് കുമാര്‍. ആരാധനാലയങ്ങളില്‍ ഉടുപ്പ് ഊരി പ്രവേശിക്കണമെന്ന നിബന്ധനയില്‍ കാലാനുസൃതമായി മാറ്റംവരണമെന്ന ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ മുഖ്യമന്ത്രി പിന്തുണച്ചു സംസാരിച്ചിരുന്നു. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശമുണ്ടായത്. സനാതന ധര്‍മ്മത്തിന്റെ വക്താവായി ഗുരുവിനെ സ്ഥാപിക്കാന്‍ ശ്രമം നടത്തുകയാണെന്നും എന്നാല്‍ സനാതന ധര്‍മത്തെ ഉടച്ചുവാര്‍ത്തയാളാണ് ഗുരുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.