കൊല്‍ക്കത്ത: മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ മകള്‍ സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ ഡയമണ്ട് ഹാര്‍ബര്‍ റോഡില്‍ വച്ചായിരുന്നു അപകടം. അപകടത്തിനുശേഷം ബസ് നിര്‍ത്താതെ പോയി. ഡ്രൈവര്‍ ബസിനെ പിന്തുടര്‍ന്നു. സനയ്ക്ക് സാരമായ പരുക്കുകള്‍ ഇല്ലെന്നാണ് വിവരം. ഡ്രൈവറുടെ സീറ്റിന് അടുത്താണ് സന ഇരുന്നത്.
റായ്ചക്-കൊല്‍ക്കത്ത റൂട്ടിലോടുന്ന ബസ് കാറിന്റെ ഗ്ലാസില്‍ ഇടിച്ചെങ്കിലും കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരും പൊലീസുകാരും ബസിനെ പിന്തുടരുകയും ഒരു കിലോമീറ്റര്‍ അകലെയുള്ള സഖേര്‍ബസാര്‍ ക്രോസിംഗില്‍ വച്ച് തടഞ്ഞു. ഡ്രൈവറെ ഇറക്കി കസ്റ്റഡിയിലെടുത്തു. ഗാംഗുലിയുടെ വസതിയില്‍ നിന്ന് നൂറ് മീറ്റര്‍ അകലെയാണ് അപകടം.
സൗരവ് ഗാംഗുലി-ഡോണ ദമ്പതികളുടെ ഏക മകളാണ് സന. ലണ്ടനിലെ ഒരു സ്ഥാപനത്തില്‍ കണ്‍സല്‍ട്ടന്റായി ജോലി ചെയ്യുകയാണ്.