തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നിറപ്പകിട്ടാര്‍ന്ന തുടക്കം.
ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞു. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തി. ഉദ്ഘാടനത്തിന് മുമ്പ് കലോത്സവ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരവും അരങ്ങേറി. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിച്ചു ഉദ്ഘാടനം ചെയ്തു.
എംടി വാസുദേവന്‍ നായര്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്.
വെള്ളാര്‍മല സ്‌കൂളിലെ കുട്ടികളുടെ സംഘനൃത്തത്തോടെ ആരംഭിക്കുന്ന കലോത്സവം കലാപ്രകടനം എന്നതിലുപരി അതിജീവനത്തിന്റെ കാഴ്ച കൂടി ആവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘കലോത്സവങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള പരസ്പരസ്‌നേഹവും സാഹോദര്യവും സഹവര്‍ത്തിത്വവും ഐക്യവും എല്ലാം ഊട്ടിയുറപ്പിക്കാന്‍ വേണ്ടിയാണ്. കലാപ്രകടനങ്ങള്‍ക്കുള്ള വേദിയായിരിക്കുമ്പോള്‍ തന്നെ അത്തരം കാഴ്ചപ്പാടുകള്‍ക്കു കൂടി ഇവിടെ പ്രാധാന്യം കൈവരണം. ചിലപ്പോഴെല്ലാം കലോത്സവ വേദികള്‍ കിടമത്സരങ്ങളുടെയും തര്‍ക്കങ്ങളുടെയും എല്ലാം വേദിയാകാറുണ്ട്. അതുണ്ടാവാതെ ഇരിക്കാനും കലാപരമായ കഴിവുകളുടെ പ്രകാശനത്തിനു കൈവരുന്ന അവസരമായി ഇതിനെ കാണാനും എല്ലാവരും ശ്രമിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.’ എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.
കൗമാര പ്രതിഭകള്‍ 25 വേദികളിലായി മികവ് തെളിയിക്കാന്‍ മാറ്റുരയ്ക്കും. ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ സംഘനൃത്തം, ഒപ്പന, ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാര്‍ഗം കളി എന്നിവ ആദ്യ ദിവസം വേദിയിലെത്തും. തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. 15000ത്തിലധികം വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുക്കാനായെത്തുന്നത്.