കൊച്ചി: കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. രാവിലെ 10.15ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പറയുക.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹൈക്കോടതിയെ സമീപിച്ചത്.
നവീന്‍ബാബുവിന്റേത് കൊലപാതകമാണോയെന്നു സംശയമുണ്ടെന്നും സിപിഎം നേതാവ് പ്രതിയായ കേസില്‍ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നുമാണ് ഹര്‍ജിക്കാരി കോടതിയില്‍ വാദിച്ചത്.
സിബിഐ വരേണ്ടതില്ലെന്നും കുടുംബത്തിന്റെ ആശങ്കകള്‍ പരിഹരിക്കുന്ന തരത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. കോടതി ആവശ്യപ്പെടുകയാണെങ്കില്‍ കേസ് അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന നിലപാടാണ് സിബിഐ കോടതിയില്‍ വ്യക്തമാക്കിയത്. കോടതി വിധി എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയാണ് എങ്ങും.