മുംബൈ: തന്നേക്കാള്‍ കൂടുതല്‍ ചേച്ചിയോടാണ് ഇഷ്ടമെന്ന് സംശയിച്ച് മാതാവിനെ കൊന്ന മകള്‍ അറസ്റ്റിലായി. മുംബൈ കുര്‍ള ഖുറേഷി നഗര്‍ ഏരിയയിലെ നാല്‍പ്പത്തിയൊന്നുകാരിയായ രേഷ്ട മുസാഫര്‍ ഖ്വാസിയാണ് മാതാവിനെ കൊലപ്പെടുത്തിയത്. സാബിറ ബാനോ അസ്ഗര്‍ ഷെയ്ഖ്(62) ആണ് കൊല്ലപ്പെട്ടത്. തന്നേക്കാള്‍ ചേച്ചിയെയാണ് മാതാവിന് ഇഷ്ടമെന്നായിരുന്നു പ്രതി കരുതിയിരുന്നത്. ഇത് പകയ്ക്ക് കാരണമായെന്ന് പൊലീസ് പറയുന്നു. മകനോടൊപ്പം മുമ്പ്രയിലായിരുന്നു സാബിറ ബാനോ ഖുറേഷി താമസിച്ചിരുന്നത്. അവിടെ നിന്ന് ഇളയ മകളെ കാണാന്‍ പോയതായിരുന്നു സാബിറ. മകളുടെ വീട്ടില്‍ എത്തിയപ്പോള്‍ ഊഷ്മളമായ സ്വീകരണം ലഭിക്കുമെന്നായിരുന്നു ആ മാതാവ് കരുതിയിരുന്നത്. എന്നാല്‍ ദാരുണാന്ത്യമായിരുന്നു അവിടെ സാബിറയെ കാത്തിരുന്നത്. വീട്ടിലെത്തിയ ഉടനെ തര്‍ക്കം തുടങ്ങി. മാതാവ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് അവള്‍ ആരോപിച്ചു. ഇത് വാക്കേറ്റത്തിന് വഴിവച്ചു. ഒടുവില്‍ കൈയാങ്കളിയിലെത്തി. പ്രകോപിതയായ പ്രതി അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് മാതാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. താന്‍ മാതാവിനെ കൊലപ്പെടുത്തിയെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചു. വിവരമറിഞ്ഞയുടന്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സാബിറ ബാനോ ഖുറേഷിയുടെ കുടുംബാംഗങ്ങളുടെയും അയല്‍ക്കാരുടെയുമൊക്കെ മൊഴി രേഖപ്പെടുത്തി. കൊലപാതകത്തില്‍ മറ്റെന്തിലും കാരണമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാബിറയ്ക്ക് ഒരു മകന്‍ അക്തറും മൂന്ന് പെണ്‍മക്കളും ഉണ്ടെന്നും അതില്‍ രേഷ്മ ഇളയവളാണെന്നും പൊലീസ് പറഞ്ഞു.
മരുന്നിന് പണം നല്‍കിയതിനാല്‍ മാതാവ് കൂടുതല്‍ സമയവും തന്നോടൊപ്പമാണ് താമസിച്ചതെന്നും ഇത് സഹോദരിയുമായി വഴക്കുണ്ടാക്കിയെന്നും മകള്‍ സൈനബി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. 2021 ല്‍ വഴക്കിന്റെ പേരില്‍ സൈനബിക്കെതിരെ രേഷ്മയും പരാതി നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. മൂത്തമകള്‍ പൂനയിലാണ്.