ചൈനയില്‍ വീണ്ടും വൈറസ് വ്യാപനം: കുട്ടികള്‍ക്കും പ്രായമായവര്‍ക്കും മുന്‍കരുതല്‍; അടിയന്തരാവസ്ഥ? ആശങ്കയോടെ ലോകം

ബീജിങ്: കോവിഡിന് പിന്നാലെ അഞ്ചുവര്‍ഷത്തിന് ശേഷം ചൈനയില്‍ മറ്റൊരു വകഭേദം. ചൈനയില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന് അഞ്ച് വര്‍ഷത്തിന് ശേഷം ചൈനയിലെ ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുകയാണെന്നാണ് സമൂഹ മാധ്യമ പോസ്റ്റുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. ഇന്‍ഫ്‌ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, കോവിഡ് 19 വൈറസുകള്‍ എന്നിവ ഉള്‍പ്പെടെ ഒന്നിലധികം വൈറസ് ബാധയും ചൈനയിലുണ്ടെന്നും പ്രചരിക്കുന്നു. തിരക്കേറിയ ആശുപത്രികളില്‍ മാസ്‌ക് ധരിച്ച രോഗികളുള്ള വിഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. SARS-CoV-2 (COVID-19) എന്ന എക്‌സ് ഹാന്‍ഡിലില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. ചൈനയിലെ കുട്ടികളുടെ ആശുപത്രിയില്‍ ന്യുമോണിയ ബാധ ഉയരുന്നതായാണ് വിവരം. രോഗ ബാധയെ തുടര്‍ന്ന് ചൈനയില്‍ ആരോഗ്യ അടിയന്തരവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു. അതേസമയം, വാര്‍ത്ത ലോകാരോഗ്യ സംഘടനയോ ചൈനയോ സ്ഥിരീകരിച്ചിട്ടില്ല.
14 വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ എച്ച്.എം.പി.വി കേസുകള്‍ വര്‍ധിക്കുന്നുവെന്നാണ് ലഭ്യമായ വിവരങ്ങള്‍ വിശകലനം ചെയ്തുള്ള റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. കുട്ടികളെയും പ്രായമുള്ളവരെയുമാണ് ഈ വൈറസ് കാര്യമായി ബാധിക്കുന്നതെന്നാണ് വിവരം. ഫ്‌ളൂ ആയോ ചുമ, ജലദോഷം, പനി, തുമ്മല്‍ എന്നിങ്ങനെയോ ആദ്യം ശരീരത്തില്‍ കയറുന്ന വൈറസ് രോഗപ്രതിരോധശേഷി കുറവുള്ളവരില്‍ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും. നിലവില്‍ എച്ച്എംപിവിക്ക് പ്രത്യേക ആന്റിവൈറല്‍ തെറപ്പിയോ മുന്‍കരുതല്‍ വാക്‌സീനോ ഇല്ല. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടന്ന് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം.
ചൈനയുടെ വടക്കന്‍ പ്രവിശ്യയിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിറ്റേഴ്‌സിനോട് വ്യക്തമാക്കിയത്. തണുപ്പ് കാലത്ത് ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന്‍ ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുവിടങ്ങളില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദ്ദേശം നല്‍കിയതായും അധികൃതര്‍ വിശദീകരിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം എസ്.എ.ടി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കു ചൊറിച്ചല്‍; സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിലുള്ള പ്രതിഷേധമെന്നു കരുതിയിരുന്ന നാട്ടുകാര്‍ക്ക് തെറ്റി; കാരണക്കാര്‍ കമ്പിളിപ്പുഴുക്കളെന്ന് ആരോഗ്യ വകുപ്പ്
ഒന്നരവര്‍ഷമായി സെക്രട്ടറിയുള്‍പ്പെടെ ആറു ജീവനക്കാരില്ലാത്ത മധൂര്‍ പഞ്ചായത്തില്‍ അടുത്തിടെ നിയമിച്ച സെക്രട്ടറിയെ ഒരാഴ്ചക്കുള്ളില്‍ സ്ഥലം മാറ്റി; ഭരണസമിതി പ്രതിഷേധത്തെത്തുടര്‍ന്നു സ്ഥലംമാറ്റം മരവിപ്പിക്കാമെന്നു ജെ.ഡി.യുടെ ഉറപ്പ്

You cannot copy content of this page