പുത്തൂര്‍: പ്രായപൂര്‍ത്തിയാകാതെ കോളേജ് വിദ്യാര്‍ത്ഥിനിയെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവ് പോക്‌സോ പ്രകാരം അറസ്റ്റില്‍. പുത്തൂര്‍, കൊടിമ്പാല, ഓംകല്‍ സ്വദേശി പ്രവീണ്‍ പൂജാരിയെയാണ് പുത്തൂര്‍, കഡബ പൊലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയും പ്രവീണും പ്രണയത്തിലായിരുന്നു. പിന്നീട് വിവാഹ വാഗ്ദാനം ചെയ്ത് പുത്തൂരിനു സമീപത്തെ വാടകവീട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയും ഗര്‍ഭം ധരിക്കാതിരിക്കുന്നതിനു ഗുളികകള്‍ നല്‍കുകയും ചെയ്തുവെന്നു പറയുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രവീണ്‍ പെണ്‍കുട്ടിയെ വീണ്ടും വാടകവീട്ടിലേക്ക് കൊണ്ടു പോയി രാത്രി അവിടെ താമസിക്കുകയായിരുന്നു. അടുത്ത ദിവസം ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയെ പറങ്കിപ്പേട്ടയ്ക്കു സമീപം ഇറക്കി വിട്ടു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി ഉണ്ടായ സംഭവങ്ങളെല്ലാം വീട്ടുകാരെ അറിയിച്ചു. പ്രവീണ്‍ മറ്റൊരു യുവതിയുമായി നടത്തിയ വിവാഹനിശ്ചയം മറച്ചുവെച്ചാണ് പെണ്‍കുട്ടിയുമായി പ്രണയബന്ധം സ്ഥാപിച്ച് പീഡിപ്പിച്ചത്. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.