കാസര്‍കോട്: ചെങ്കല്‍ ഖനനത്തിനും മണ്ണെടുപ്പിനുമൊക്കെ നിയമം കര്‍ശനമാക്കിക്കൊണ്ടിരിക്കെ അതിന്റെ കാര്യസ്ഥന്മാര്‍ കണ്ണടച്ചു നിസ്സഹായരായി മാറിയെന്നു നീര്‍ച്ചാല്‍ ബേള സ്വദേശികള്‍ പരിതപിക്കുന്നു.
ബേള വിഷ്ണുമൂര്‍ത്തി നഗറിലെ ജനസാന്ദ്രതയേറിയ പ്രദേശത്ത് 50 സെന്റോളം സ്ഥലത്ത് അനധികൃത ചെങ്കല്‍ഖനനം രാപ്പകല്‍ തുടരുകയാണെന്നു നാട്ടുകാര്‍ ജില്ലാ കളക്ടര്‍, ആര്‍.ഡി. ഒ, മൈനിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരോടു പരാതിപ്പെട്ടു. വൃദ്ധരും രോഗികളും താമസിക്കുന്ന സ്ഥലത്തോടു ചേര്‍ന്നാണ് ചെങ്കല്‍ ഖനനം അനധികൃതമായി പൊടിപൊടിക്കുന്നതെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ജിയോളജിയെ ആദ്യം അറിയിച്ചപ്പോള്‍ വിവരം വില്ലേജ് ഓഫീസിനെ അറിയിക്കാനായിരുന്നു നിര്‍ദ്ദേശമെന്നു പരാതിക്കാര്‍ പറഞ്ഞു. അതു കേട്ട് വില്ലേജ് ഓഫീസര്‍ക്കു പരാതി കൊടുത്തതോടെ ചെങ്കല്‍വെട്ട് കൂടുതല്‍ ശക്തിപ്പെടുകയായിരുന്നു. അതിനെ കുറിച്ചു വീണ്ടും പരാതി കൊടുത്തപ്പോള്‍ തങ്ങള്‍ പറഞ്ഞിട്ടു അനധികൃത കല്ലുവെട്ടുകാരന്‍ അനുസരിക്കുന്നില്ലെന്നു വിലപിക്കുകയായിരുന്നെന്നു പരാതിക്കാര്‍ പരിഹസിച്ചു. നിയമം ഉണ്ടാക്കുന്നവര്‍ അവരുണ്ടാക്കുന്ന നിയമങ്ങള്‍ നടപ്പാക്കാനും അതു നടപ്പാവുന്നുണ്ടെന്ന് ഉറപ്പാക്കാനും ഖജനാവില്‍ നിന്നു പണമെടുത്തു നിറുത്തിയിട്ടുള്ള ജീവനക്കാര്‍ ഇത്തരത്തില്‍ പെരുമാറുന്നത് ശരിയാണോ എന്ന് നാട്ടുകാര്‍ മേലധികാരികളോട് ആരായുന്നുണ്ട്.