ന്യൂ ഓര്‍ലിയന്‍സ്: പുതുവർഷ ദിനത്തില്‍ തെക്കന്‍ യുഎസിലെ ന്യൂ ഓര്‍ലിയാന്‍സില്‍ ജനക്കൂട്ടത്തിലേക്ക് പിക്കപ്പ് ട്രക്ക് ഓടിച്ചുകയറ്റി. 10 പേർ ദാരുണമായി മരണപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. പിന്നാലെ ട്രക്ക് ഡ്രൈവർ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. തുടർന്ന് പൊലീസുമായി വെടിവെപ്പുണ്ടായി. അതിനിടെ ഇയാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.ഫ്രഞ്ച് ക്വാര്‍ട്ടര്‍ എന്നറിയപ്പെടുന്ന നഗരത്തിന്റെ ഒരു ഭാഗത്ത് കനാല്‍, ബര്‍ബണ്‍ സ്ട്രീറ്റ് എന്നിവ കൂടിച്ചേരുന്ന ഇടത്താണ് ദുരന്തമുണ്ടായത്. ജനക്കൂട്ടം ആഘോഷിക്കുന്ന വേളയിൽ പിക്കപ്പ് ട്രക്ക് അതിവേഗത്തില്‍ ഓടിച്ചുകയറ്റുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് സ്‌ഫോടകവസ്തുവെന്ന് സംശയിക്കുന്ന ഉപകരണം കണ്ടെത്തിയതായി അന്വേഷണ ചുമതല ഏറ്റെടുത്ത എഫ്ബിഐ പറഞ്ഞു.ഡ്രൈവര്‍ കഴിയുന്നത്ര ആളുകളെ ഇടിച്ചിടാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. വെടിവെപ്പിൽ രണ്ട് പൊലീസുകാര്‍ക്ക് വെടിയേറ്റു. നരകസമാന സാഹചര്യമാണ് ട്രക്ക് ഡ്രൈവർ സൃഷ്ടിച്ചതെന്ന് പൊലീസ് സൂപ്രണ്ട് ആനി കിര്‍ക്ക്പാട്രിക് പറഞ്ഞു. സംഭവം ഭീകരാക്രമണമായി പൊലീസ് കണക്കാക്കുന്നില്ല. ട്രക്ക് വളരെ അമിത വേഗതയിലായിരുന്നു. മാത്രമല്ല മനഃപൂര്‍വം ഓടിച്ചുകയറ്റിയതാണെന്നും കിര്‍ക്ക്പാട്രിക് പറഞ്ഞു. അമേരിക്കയിലെ നൈറ്റ് ലൈഫ് ആഘോഷ കേന്ദ്രങ്ങളിലൊന്നിലാണ് വലിയ ആക്രമണം നടന്നിട്ടുള്ളത്. നടപ്പാതയിലുണ്ടായിരുന്നവരേയും ട്രെക്ക് ഇടിച്ച് തെറിപ്പിച്ചതായാണ് പുറത്ത് വരുന്ന വിവരം. 2024 നവംബറില്‍ ന്യൂ ഓര്‍ലിയന്‍സ് പരേഡ് റൂട്ടിലും ആഘോഷത്തിനും ഇടയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.