ചെന്നൈ: രാമനാഥപുരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബുധനാഴ്ച രാത്രി തീപിടിച്ചു. രോഗികളെയും കൂട്ടിരിപ്പുകാരെയും ഉടന്‍ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയതു കൊണ്ട് വന്‍ദുരന്തം ഒഴിവായി.
മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ പാനല്‍ മുറിയില്‍ നിന്നാണ് പുക ഉയര്‍ന്നത്. നിമിഷ നേരത്തിനുള്ളില്‍ പുക എല്ലാ മുറികളിലേക്കും വ്യാപിച്ചു.
വിവരമറിഞ്ഞു എത്തിയ അഗ്നിശമന വിഭാഗം തീയും പുകയും കെടുത്താന്‍ ശ്രമിച്ചെങ്കിലും പുക നിയന്ത്രണാതീതമാവുകയായിരുന്നു. ഇതിനിടയില്‍ രോഗികളെ കസേരകളിലും കട്ടിലോടെയുമാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ജില്ലാ കലക്ടര്‍ സിംരംജിത് സിംഗ് കഹ്‌ലോന്‍ വിവരമറിഞ്ഞുടനെ ആശുപത്രിയിലേക്കു പാഞ്ഞെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.
പാനല്‍ റൂമിലുണ്ടായ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെ രണ്ട്, മൂന്ന്, നാല് നിലകളിലെ മുഴുവന്‍ രോഗികളെയും മാറ്റിയിരുന്നു.
