ഉപ്പള: ഗതാഗത സ്തംഭനം ഉപ്പളയെ വീണ്ടും വീര്‍പ്പുമുട്ടിക്കുന്നു. ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെയുള്ള ദേശീയപാത നിര്‍മ്മാണമാണ് സഞ്ചാരസ്വാതന്ത്രം തടസ്സപ്പെടുത്തുന്നതെന്നു വീണ്ടും ആക്ഷേപം ഉയരുന്നു. നേരത്തെ എംഎല്‍എ ഇടപെട്ട് ഉന്നതതല യോഗം വിളിച്ചു ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഗതാഗത പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
ആരിക്കാടി-ബന്തിയോട് നിന്ന് തുടങ്ങുന്ന ഗതാഗത തടസ്സം ഉപ്പള വരെ നീളുകയാണ്. ഉപ്പള ടൗണ്‍ കടന്ന് കിട്ടാന്‍ എടുക്കുന്ന സമയം ഒന്നര മണിക്കൂറിലേറെയാണ്. പൊലീസ് ഇടപെട്ട് ഗതാഗത തടസ്സം നീക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിനിടയില്‍ രൂപപ്പെടുന്ന വാഹനങ്ങളുടെ നീണ്ട നിര പൊലീസിനും വിഷമമുണ്ടാക്കുന്നു. ഗതാഗതം നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസിന്റെ സേവനം ആവശ്യമാണെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു.
രോഗികള്‍ക്ക് ആംബുലന്‍സിലായാലും ബസ്സിലായാലും ഗതാഗത തടസ്സം മൂലം യാത്ര വൈകുന്നതും സമയത്തിന് ആശുപത്രിയില്‍ എത്താന്‍ കഴിയാത്തതും വലിയ ഭീഷണിയാകുന്നുണ്ട്. സ്‌കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികളെയും ഗതാഗത തടസ്സം ബാധിക്കുമെന്ന് രക്ഷിതാക്കളും പറയുന്നു. സ്‌കൂളിലെത്താനും വീട്ടിലെത്താനും വിദ്യാര്‍ത്ഥികള്‍ വൈകുന്നതില്‍ നേരത്തെ തന്നെ രക്ഷിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
