ജസ്റ്റിസ് ഡിലെയ്ഡ് ഈസ് ജസ്റ്റിസ് ഡെനീഡ്,
-വൈകിയെത്തുന്ന നീതി, നീതി നിഷേധം.
(ഫലത്തില്‍, നീതി നിഷേധം എന്ന് അര്‍ത്ഥമാക്കുക)
നീതിന്യായ വൃത്തങ്ങളില്‍ ആവര്‍ത്തിക്കാറുള്ള തത്വം.
അങ്ങനെയാണോ? ആണെന്നും അല്ലെന്നും രണ്ടു പക്ഷം. അത്യുന്നത നീതിജ്ഞന്മാര്‍ക്കു പോലും ഇക്കാര്യത്തില്‍ ഏകാഭിപ്രായമില്ല എന്നു തോന്നുന്നു. കോടതി നടപടികള്‍ വൈകിയത് കൊണ്ട്-അതുകൊണ്ട് മാത്രം-അര്‍ഹിക്കുന്നവര്‍ക്ക് നീതി ലഭ്യമായെന്ന് പറയുന്നു; നീതി നിഷേധിക്കപ്പെട്ടു എന്നും.
സുപ്രീംകോടതിയില്‍ അഭിഭാഷകനായ അഡ്വ. കാളീശ്വരം രാജ് സ്വന്തം അനുഭവങ്ങള്‍ രേഖപ്പെടുത്തുന്നതിനിടയില്‍ ചൂണ്ടിക്കാട്ടുന്നു- ഈ വൈചിത്രങ്ങള്‍. (ഓര്‍മ്മയിലെ ഋതുഭേദങ്ങള്‍-അധ്യായം-25) അത് ഉദ്ധരിക്കും മുമ്പ്, നമ്മുടെ ജില്ലയില്‍ ഉണ്ടായ ഒരു കൊലക്കേസിനെക്കുറിച്ച് പറയാം.
മൊഗ്രാല്‍, പേരാല്‍ മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകനായ അബ്ദുല്‍ സലാമിനെ (27 വയസ്സ്) വിജനമായ ഒരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തല വെട്ടിയെടുത്ത് പന്ത് തട്ടുന്നത് പോലെ തട്ടിത്തെറിപ്പിച്ചു.
സലാമിന്റെ ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാരനായ നൗഷാദിനെ കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റു എങ്കിലും ജീവഹാനി സംഭവിച്ചില്ല. ഈ കേസില്‍ പ്രതികളായ ആറുപേരെ കാസര്‍കോട് ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി കെ.പ്രിയ കഴിഞ്ഞദിവസം ശിക്ഷിച്ചു. ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ വീതം പിഴയും ആണ് ശിക്ഷ. സലാമിന്റെ കൂടെയുണ്ടായിരുന്ന കൂട്ടുകാരനായ നൗഷാദിനെ ആക്രമിച്ച കേസില്‍, വധശ്രമം, ഗുരുതരമായ പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ആറ് പ്രതികള്‍ക്കും പത്ത് വര്‍ഷം തടവും പുറമേ പിഴയും വിധിച്ചു. അന്വേഷണത്തില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. കൊല നടത്താന്‍ ഉപയോഗിച്ച ആയുധങ്ങളും മറ്റും. ശാസ്ത്രീയമായ പരിശോധനയില്‍ അനിഷേധ്യമായ തെളിവുകളാണ് കോടതിയില്‍ ഹാജരാക്കിയത്.
2017 ഏപ്രില്‍ 30ന് ആണ് കുമ്പളയില്‍ വച്ച് അബ്ദുല്‍സലാം കൊലചെയ്യപ്പെട്ടത്. 2024 ഡിസംബര്‍ 24ന് വിചാരണയും അനന്തര നടപടികളും യഥാവിധി പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിച്ചു. (ഏഴു കൊല്ലം ഏഴര മാസം കൊണ്ട് നീതി കിട്ടി; കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷയും. വൈകാതെ എത്തി നീതി എന്ന് പറയാം. എത്രയോ കേസുകളുണ്ട് വിചാരണ തുടങ്ങുക പോലും ചെയ്യാതെ നമ്മുടെ കോടതികളില്‍ കെട്ടിക്കിടക്കുന്നു! പെന്‍ഡിംഗ് കേസുകളുടെ കണക്ക് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സഹിതം മാധ്യമങ്ങള്‍ വെളിപ്പെടുത്താറുണ്ട്. ഞെട്ടിപ്പിക്കുന്ന കണക്കുകള്‍.
ഈ കേസുമായി ബന്ധപ്പെട്ട മറ്റൊരു കേസിന്റെ കാര്യം മറന്നോ? കൊലക്കേസ് തന്നെ അതും. ആ കേസിലെ പ്രതിയാണ് അബ്ദുല്‍സലാം. (വിതച്ചത് കൊയ്തുഃ അതായത് പഞ്ചപാവം ആയിരുന്നില്ല അബ്ദുല്‍സലാം. കുമ്പളയിലെ മുന്‍ പഞ്ചായത്തംഗം ബി.എ മുഹമ്മദിന്റെ മകന്‍ ഷഫീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിക്കകത്ത് വാഹനങ്ങള്‍ കത്തിച്ച കേസുകളും സലാമിനെതിരെ ഉണ്ട്. വിളഞ്ഞ ക്രിമിനല്‍ എന്ന് കാണുന്നു. 2014 മാര്‍ച്ച് മാസത്തിലായിരുന്നു ഷെഫീഖ് വധം. അതായത് സലാം വധിക്കപ്പെടുന്നതിന് മൂന്നുകൊല്ലം മുമ്പ്. ഷെഫീക്കിനെ കൊല ചെയ്ത ശേഷം സലാം ഒളിവില്‍ പോയി. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ പോലീസിന്റെ പിടിയില്‍പ്പെട്ടു.
തുടര്‍ന്ന് എന്തുണ്ടായി എന്ന് വാര്‍ത്തകളില്‍ കണ്ടില്ല. ജാമ്യം കിട്ടിയിട്ടുണ്ടാകും. കുറ്റാരോപിതരുടെ അവകാശമാണല്ലോ ജാമ്യം. മതിയായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി മുമ്പാകെ കുറ്റം തെളിയിക്കപ്പെടുന്നത് വരെ പ്രതി എന്ന് പറയാന്‍ പാടില്ല. കുറ്റാരോപിതന്‍ മാത്രം. ചില കേസുകളില്‍, പരമാവധി ശിക്ഷാകാലത്തില്‍ എത്രയോ ഇരട്ടികാലം ജാമ്യം ലഭിക്കാതെ ചിലര്‍ക്ക് ജയിലില്‍ കഴിയേണ്ടി വരാറുണ്ട്. പ്രഗത്ഭരായ അഭിഭാഷകരെ തങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍ ഏര്‍പ്പെടുത്താത്തതുകൊണ്ട്-ഫീസ് കൊടുക്കാന്‍ ഗതിയില്ലാത്തതുകൊണ്ട്-സംഭവിക്കുന്ന ഗതികേട്.
ഇന്ത്യന്‍ ജനതയുടെ ക്ഷമ അപാരം. അതിനെ പോലും പരീക്ഷിക്കുന്നതാണ് ചിലപ്പോള്‍ വ്യവഹാരങ്ങളിലെ കാലതാമസം എന്ന് ജസ്റ്റിസ് പി എന്‍ ഭഗവതി പറഞ്ഞത് 1976ല്‍ ആണ്. ബാബുറാമിന്റെ കേസില്‍. നിയമ കമ്മീഷന്‍ 77-ാമത് റിപ്പോര്‍ട്ടിലും വ്യവഹാര തീര്‍പ്പിലുള്ള കാലതാമസത്തെക്കുറിച്ച് പറയുകയുണ്ടായി. ചില പരിഹാരങ്ങളും നിര്‍ദ്ദേശിച്ചു. എന്തെങ്കിലും ഫലമുണ്ടായോ? റിപ്പോര്‍ട്ട് പതിവുപോലെ കെട്ടിക്കിടക്കുന്നു.
അബ്ദുസലാമിലേക്ക് വരാം -ഷഫീഖിനെ കൊലപ്പെടുത്തിയ കേസ്-ജാമ്യം ലഭിച്ചിട്ട് അയാള്‍ മര്യാദക്കാരനായോ? കുറ്റം ആവര്‍ത്തിക്കുകയില്ല എന്ന ഉറപ്പിന്റെ ബലത്തിലാണല്ലോ കോടതി ജാമ്യം നല്‍കാറുള്ളത്. സലാമിന് ജാമ്യം നല്‍കിയതും ഇതേ വ്യവസ്ഥ പ്രകാരം ആയിരിക്കും. പക്ഷേ…
പന്തീരാണ്ട് കാലം കൂട്ടിലടച്ചാലും അണ്ണാന്‍ കുഞ്ഞ് മരം കേറ്റം മറക്കുമോ? തുറന്നുവിട്ടാല്‍ ഉടനെ തൊട്ടടുത്ത് കാണുന്ന മരത്തില്‍ ചാടി കയറും. സലാമിന്റെ ജാമ്യാന്തരവൃത്തികളെ കുറിച്ച് വാര്‍ത്തയെഴുത്തുകാരും മറന്നുവോ? നിസ്സാരമാക്കിയോ? നീതിയുടെ വിചിത്രനുഭവങ്ങള്‍ എന്ന് അഡ്വ. കാളീശ്വരം രാജ് പറയുന്ന ഒരു കേസിന്റെ കാര്യം: ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ഒരു റിട്ട. ഉദ്യോഗസ്ഥന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. അപ്പീല്‍ സ്വീകരിച്ചുവെങ്കിലും സുപ്രീംകോടതി കീഴ് കോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്തില്ല. വര്‍ഷങ്ങളോളം അപ്പീല്‍കേസ് പരിഗണിക്കപ്പെടാതെ കിടന്നു. സ്റ്റേ ലഭിച്ചിട്ടില്ല എന്ന കാരണം പറഞ്ഞ് ഹൈക്കോടതി വിധിച്ച ശിക്ഷ നടപ്പാക്കാന്‍ പൊലീസ് അറസ്റ്റ് ചെയ്യാനെത്തി. കക്ഷി കാന്‍സര്‍ രോഗം ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലാണെന്ന് കണ്ടു. ഇക്കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. അറസ്റ്റ് തല്‍ക്കാലം തടഞ്ഞു. എന്നാല്‍ കേസ് തീര്‍പ്പാക്കാതെ കിടന്നു. നീണ്ടുപോയി. അന്തിമവാദം നടക്കുകയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നെങ്കില്‍?
വ്യവഹാരത്തിലെ കാലതാമസം കക്ഷികളില്‍ ചിലര്‍ക്കെങ്കിലും ഗുണകരമായിരിക്കും എന്നതിന് ഒരു ഉദാഹരണം. ഇതാണ് നീതിയുടെ വിചിത്രാനുഭവങ്ങളില്‍ ഒന്ന്.
സലാമിന്റെ കേസോ? ഷെഫീക്കിനെ കൊല ചെയ്ത കേസ്? ഒട്ടും വൈകാതെ അന്വേഷണവും വിചാരണയും നടന്നിരുന്നെങ്കില്‍?