അമേരിക്കയുടെ മുന്‍ പ്രസിഡന്റും നൊബേല്‍ പുരസ്‌കാര ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു, അന്ത്യം നൂറാം വയസ്സിൽ, മൺമറഞ്ഞു പോയത് ആഗോള സമാധാനത്തിന്റെ ചാമ്പ്യന്‍

വാഷിങ്ടന്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റും നൊബേല്‍ പുരസ്‌കാരജേതാവുമായ ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു. നൂറു വയസ്സായിരുന്നു. ജോര്‍ജിയയിലെ വസതിയിലായിരുന്നു അന്ത്യം. അമേരിക്കയുടെ 39-ാമത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം. കാന്‍സര്‍ ബാധിച്ചെങ്കിലും പിന്നീട് കാന്‍സറിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി. കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനെത്തിയിരുന്നു.1977 മുതല്‍ 1981വരെയായിരുന്നു അദ്ദേഹം യുഎസ് പ്രസിഡന്റായത്. വൈറ്റ്ഹൗസില്‍ തനിക്കുശേഷം 7 പ്രസിഡന്റുമാരെക്കണ്ടും ലോകം മാറിമറിയുന്നതറിഞ്ഞും ജോര്‍ജിയയിലെ കൊച്ചുവീട്ടിലായിരുന്നു താമസം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ വീട് ആശുപത്രിയാക്കിയുള്ള സ്‌നേഹപരിചരണത്തില്‍ കഴിയുകയായിരുന്നു. 100 വയസ്സ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ്. 1978ല്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. 77 വര്‍ഷം ജീവിതപങ്കാളിയായിരുന്ന റോസലിന്‍ കഴിഞ്ഞ നവംബറില്‍ 96ാം വയസ്സില്‍ അന്തരിച്ചു. മനുഷ്യാവകാശങ്ങളുടെയും ആഗോള സമാധാനത്തിന്റെയും ചാമ്പ്യന്‍ എന്നായിരുന്നു കാര്‍ട്ടര്‍ അറിയപ്പെട്ടിരുന്നത്. ലോകമെമ്പാടും ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് 2002-ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചു. പ്രസിഡന്റ് കാലത്തിന് ശേഷവും ക്രൈസിസ് മാനേജ്‌മെന്റ്, തിരഞ്ഞെടുപ്പ് നിരീക്ഷണം, രോഗ നിര്‍മാര്‍ജനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കാര്‍ട്ടര്‍ സെന്ററിലൂടെ നടത്തിയ വിപുലമായ മാനുഷിക പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തിയത്. ശീതയുദ്ധം, അസ്ഥിരമായ എണ്ണവില എന്നീ പ്രതിസന്ധി കാലത്തായിരുന്നു ഭരണം. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തും ഇസ്രായേല്‍ പ്രധാനമന്ത്രി മെനാചെം ബെഗിനും തമ്മിലുള്ള 1978-ലെ ക്യാമ്പ് ഡേവിഡ് ഉടമ്പടിയാണ് അദ്ദേഹത്തിന്റെ പ്രധാന ഭരണനേട്ടം. ഉയര്‍ന്ന പണപ്പെരുപ്പം, ഊര്‍ജ്ജ ദൗര്‍ലഭ്യം, ഇറാനിയന്‍ ബന്ദി പ്രതിസന്ധി എന്നീ പ്രശ്‌നങ്ങളെ തുടര്‍ന്ന്, 1980 ലെ തിരഞ്ഞെടുപ്പില്‍ റൊണാള്‍ഡ് റീഗനുമായുള്ള പരാജയപ്പെട്ടു. എട്ട് അമേരിക്കക്കാര്‍ കൊല്ലപ്പെട്ട ഇറാനിയന്‍ ബന്ദി പ്രതിസന്ധിയാണ് തിരിച്ചടിയായത്. എഞ്ചിനീയറിങിലെ ഉപരിപഠനത്തിന് ശേഷം ജോര്‍ജിയ ഗവര്‍ണറായിട്ടാണ് കാര്‍ട്ടര്‍ പൊതുജന സേവനം ആരംഭിച്ചത്. വാട്ടര്‍ഗേറ്റ് അഴിമതിയിലും വിയറ്റ്നാം യുദ്ധത്തിലും വലഞ്ഞിരുന്ന അമേരിക്കന്‍ ജനതയ്ക്ക് സത്യസന്ധതയുടെയും സുതാര്യതയുടെയും പ്രതീക്ഷയാണ് കാര്‍ട്ടര്‍ തന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിലൂടെ മുന്നോട്ട് വച്ചത്. ‘ഞാന്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍, നുണ പറഞ്ഞാല്‍ നിങ്ങള്‍ വോട്ട് ചെയ്യേണ്ടതില്ല’ എന്നതായിരുന്നു കാര്‍ട്ടറിന്‍റെ വാക്കുകള്‍. ഇത് അമേരിക്കന്‍ ജനത ഏറ്റെടുത്തതോടെ പുതിയ ചരിത്രം പിറന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page