ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് ഇന്നുരാജ്യം വിട ചൊല്ലും. മൃതദേഹം രാവിലെ എട്ട് മണിയോടെ എഐസിസി ആസ്ഥാനത്ത് എത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം സംസ്‌കാര സ്ഥലമായ നിഗംബോധ്ഘട്ടിലേക്ക് വിലാപയാത്രയായി പുറപ്പെട്ടു. പൂര്‍ണ്ണ സൈനിക ബഹുമതിയോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. 11.45ന് നിഗംബോധ്ഘട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
എഐസിസി ആസ്ഥാനത്ത് നടന്ന പൊതുദര്‍ശനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാല്‍, സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധി, ഡികെ ശിവകുമാര്‍ മറ്റു കേന്ദ്ര നേതാക്കള്‍, എംപിമാര്‍, കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. മന്‍ മോഹന്‍ സിംഗിനോടുള്ള ആദര സൂചകമായി ഇന്ന് ഉച്ചവരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സ്മാരകത്തിനായി പ്രത്യേക സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ് എന്ന് ബിജെപി എംപി സുദാന്‍സു ത്രിവേദി ആരോപിച്ചു. കോണ്‍ഗ്രസ് ഒരിക്കലും മന്‍മോഹന്‍ സിങിനെ ബഹുമാനിച്ചിട്ടില്ലെന്നും നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ സ്മാരകം നിര്‍മക്കാന്‍ സ്ഥലം നല്‍കുമെന്നും സുദാന്‍സു ത്രിവേദി പറഞ്ഞു. സ്മാരകങ്ങള്‍ക്ക് സ്ഥലം നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചത് യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്നും കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു.
