കള്ളനാക്കി ചിത്രീകരിച്ചു, നാട്ടിൽ പ്രചരണം നടത്തി; മനോവിഷമത്തിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു; കള്ള പരാതി നൽകിയ വീട്ടമ്മ അറസ്റ്റിൽ

ആലപ്പുഴ: ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസിയായ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആതിരയിൽ സിന്ധുവിനെയാണ് (49) ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ 11ന് ആത്മഹത്യ ചെയ്ത തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്തറപ്പാട്ട് ബാബുവിന്‍റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സിന്ധുവിന്‍റെ അഞ്ച് ഗ്രാം തൂക്കം വരുന്ന വള മോഷണം പോയിരുന്നു. ബാബുവാണ് ഇത് മോഷ്ടിച്ചതെന്ന് ആരോപിച്ചുകൊണ്ട് ഇവർ തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കൂടാതെ ബാബുവിനെ കള്ളനാക്കി ചിത്രീകരിക്കുകയും നാട്ടിലാകെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ മനോവിഷമത്തിലാണ് ബാബു ആത്മഹത്യ ചെയ്തതെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ കുടുംബവും നാട്ടുകാരും അന്വേഷണം തൃപ്തികരമല്ല എന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ളവയും സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി കുടുബം പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് പൊലീസ് കേസിൽ അന്വേഷണം ഊർജിതമാക്കിയത്. വീട്ടമ്മയെ ചോദ്യം ചെയ്തതോടെ കള്ള പരാതി ആണെന്ന് വ്യക്തമായി. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page