ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. വിദേശത്തുള്ള മകള്‍ മടങ്ങിയെത്തിയ ശേഷം ശനിയാഴ്ച സംസ്‌കാരം നടക്കും. രാജ്യത്ത് ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ഇന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.
എഐസിസി ആസ്ഥാനത്തും പൊതുദര്‍ശനമുണ്ടാകും. രാവിലെ 11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. വ്യാഴാഴ്ച രാത്രി ഡല്‍ഹിയിലെ വസതിയില്‍ കുഴഞ്ഞു വീണ മന്‍മോഹന്‍ സിങിനെ ഉടന്‍ എയിംസിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 9.51 ഓടെ മരണം സ്ഥിരീകരിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക നയവും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ വിപുലമായ ശ്രമങ്ങള്‍ നടത്തിയ പ്രധാനമന്ത്രിയെന്ന് നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു. ഭാരതത്തിന്റെ ഏറ്റവും മഹത്തായ പുത്രന്മാരില്‍ ഒരാളെയാണ് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുശോചിച്ചു. വഴികാട്ടിയെയാണ് നഷ്ടമായതെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി അനുസ്മരിച്ചു. ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.
മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോണ്‍ഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കള്‍ ഡല്‍ഹിയിലേക്കെത്തി. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ഡല്‍ഹിയിലെത്തിയ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും കെ.സി വേണുഗോപാലും അടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി ആദരമര്‍പ്പിച്ചു. സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മരണവിവരം അറിഞ്ഞ് ആശുപത്രിയിലും പിന്നീട് വസതിയിലും എത്തിയിരുന്നു.
