ശബരിമല മണ്ഡല മഹോത്സവം നാളെ; തങ്ക അങ്കി ഘോഷയാത്ര ഇന്നെത്തും; തീര്‍ത്ഥാടകര്‍ക്കു നിയന്ത്രണം

ശബരിമല: മണ്ഡല പൂജ മഹോത്സവത്തിനു ധര്‍മ്മശാസ്താ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി ഘോഷയാത്ര ഇന്നു സന്ധ്യയോടെ സന്നിധാനത്തിലെത്തും. വൈകിട്ട് 6.40 നാണ് വിഗ്രഹത്തില്‍ തങ്കഅങ്കി ചാര്‍ത്തി ദീപാരാധന നടക്കും. ദീപാരാധനക്കു ശേഷമേ തീര്‍ത്ഥാടകരെ പതിനെട്ടാം പടികയറ്റിവിടുകയുള്ളൂ. അങ്കി ഘോഷയാത്രയുടെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പമ്പയില്‍ നിന്ന് സന്നിധാനത്തേക്കു രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ തീര്‍ത്ഥാടകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. തങ്ക അങ്കി ഘോഷയാത്ര ഉച്ചക്ക് 1.30 ന് പമ്പയിലെത്തും. 3 മണിയോടെ പമ്പയില്‍ നിന്നു സന്നിധാനത്തേക്കു പുറപ്പെടും. തങ്ക അങ്കി ഘോഷയാത്ര അഞ്ചു മണിയോടെ ശരംകുത്തിയില്‍ എത്തിയതിനു ശേഷമേ പമ്പയില്‍ നിന്നു തീര്‍ത്ഥാടകരെ ശബരിമലയിലേക്കു കടത്തിവിടുകയുള്ളൂ. വ്യാഴാഴ്ച ഉച്ചക്കു 12 നും 12.30 നും ഇടയിലാണ് മണ്ഡല പൂജ. രാത്രി 11 മണിക്കു മണ്ഡല മഹോത്സവത്തിനു സമാപനം കുറിച്ചു കൊണ്ട് നട അടയ്ക്കും. പിന്നീട് മകരവിളക്കു മഹോല്‍സവത്തിനു 30 ന് വൈകിട്ട് അഞ്ചുമണിക്കു നട തുറക്കും. ജനുവരി 14 നാണ് മകര വിളക്ക്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page