നമ്മള്‍ പലതരം ചായ പേര് കേട്ടിട്ടുണ്ടാവും. കട്ടന്‍ചായ, വെള്ളച്ചായ, ലൈറ്റ് ചായ,സ്‌ട്രോംഗ് ചായ, പുതിയ കാലത്ത് വിവാഹച്ചടങ്ങുകളില്‍ സപ്ലൈ ചെയ്യുന്ന മിന്റ് ടി, ജിഞ്ചര്‍ ടി, പൈനാപ്പിള്‍ടി, ആപ്പിള്‍ടി, തുടങ്ങിയ വിവിധ ഐറ്റങ്ങളിലുള്ള ചായ- ഇവയൊക്കെ കേട്ടു കാണും. ഇതിലൊന്നും പെടാത്ത പഴയ കാലത്തെ ഒരു ചായ ഉണ്ട്. അതാണ് മുട്ടച്ചായ. ഞാന്‍ ഇതേ വരെ മുട്ടച്ചായ കഴിച്ചിട്ടില്ല. വേണ്ടാത്തത് കൊണ്ടല്ല. കിട്ടാത്തതു കൊണ്ടാണ്. മുട്ടച്ചായ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. അത് ആസ്വദിച്ചു കുടിക്കുന്നവരെയും കണ്ടിട്ടുണ്ട്. പാലിന്റെ ലഭ്യത ഇല്ലാത്തപ്പോള്‍ മാന്യന്മാരായ വ്യക്തികള്‍ക്ക് കട്ടന്‍ ചായ കൊടുക്കുന്നത് പോരായ്മ ആയതു കൊണ്ടു കൂടിയാണ് ബഹുമാനാര്‍ത്ഥം മുട്ടച്ചായ ഉണ്ടാക്കിക്കൊടുക്കല്‍. ഉമ്മാമയാണ് മുട്ടച്ചായ ഉണ്ടാക്കുന്നതില്‍ വിദഗ്ധ.
ഞങ്ങളുടെ നാട്ടില്‍ അക്കര മ്മലെ അവ്വക്കറാജിക്ക എന്നൊരു സിങ്കപ്പൂരുകാരന്‍ ഉണ്ടായിരുന്നു. വളരെ ചെറുപ്പത്തിലെ കപ്പല്‍ കയറി മലായിലെത്തിയതാണ് കക്ഷി. അവിടെ തന്നെ മലയക്കാരിയായ സ്ത്രീയെ വിവാഹം കഴിച്ച് മക്കളുമൊത്ത് ജീവിച്ചു വരികയായിരുന്നു. എങ്കിലും വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്കു വരും. നാട്ടിലും ഭാര്യയും മക്കളുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അകന്ന ബന്ധുവായിരുന്നു എന്റെ ഉമ്മാമ. സിങ്കപ്പൂരില്‍ നിന്നു വന്നാല്‍ അക്കരമ്മല്‍ നിന്ന് ഉമ്മാമയെ കാണാന്‍ അവ്വക്കറാജിക്ക വരും. വെറും കയ്യോടെ വരില്ല. ഉമ്മാമക്ക് ഒന്നോ രണ്ടോ മലായ് മുണ്ടുമായിട്ടാണ് വരവ്. അത് കടലാസില്‍ ചുരുട്ടി തോളില്‍ ഇറുക്കിപ്പിടിച്ചാണ് വരവ്. ഉയരം കുറഞ്ഞ കുടവയറുള്ള വ്യക്തിയാണ്. വെള്ളമുണ്ടും തിളങ്ങുന്ന ഷര്‍ട്ടും തലയില്‍ ടവല്‍ കെട്ടുമുണ്ടാവും. മുണ്ടു മാടിക്കുത്തിയാണ് നടത്തം. അടിയില്‍ ധരിച്ച ട്രൗസറിന്റെ കുറച്ചു ഭാഗം പുറത്തു കാണും. അരയില്‍ പച്ച അരപ്പട്ടഉണ്ടാവും. കുട്ടികളായ ഞങ്ങള്‍ക്ക് അരപ്പട്ടയില്‍ നിന്ന് മിഠായി വാങ്ങിക്കോളാന്‍ പറഞ്ഞ് പൈസ തരുന്നതും ഓര്‍മ്മയുണ്ട്.
വീട്ടിലെത്തിയാല്‍ തിണ്ണമേല്‍ ഇരിക്കും. തിണ്ണമേല്‍ വീട്ടിലെ നല്ല പായ വിരിച്ചു കൊടുത്തിട്ടുണ്ടാവും. അവിടെ ഇരുന്നു ഉമ്മാമ്മയോട് കുടുംബ വിശേഷങ്ങളൊക്കെ ചോദിച്ചറിയും. സംസാരിച്ചു കൊണ്ടിരിക്കേ ഉമ്മാമ ചായ ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമം തുടങ്ങും. ഉമ്മാമ കുറച്ചകലെയായി ഇരിപ്പുപലകയില്‍ ഇരുന്നാണ് സംസാരിക്കുക. അടുക്കളയില്‍ ചെന്ന് നാടന്‍ കോഴി മുട്ടയും കാസയും കയിലുമായി വരും. സംസാരത്തിനടയില്‍ മുട്ടയുടെ മുകള്‍ ഭാഗം പെട്ടിച്ച് കാസയിലേക്ക് ഒഴിക്കും.കയിലുപയോഗിച്ച് മുട്ട പാല്‍ രൂപത്തിലാകുന്നത് വരെ കടയും. അതിലേക്ക് കടുപ്പത്തിലുള്ള കട്ടന്‍ ചായ ഒഴിക്കും. വീണ്ടും ഏന്തും. ആ സ്‌ട്രോംഗ് ചായ ഗ്ലാസിലേക്ക് പകര്‍ന്ന് അവ്വക്കാര്‍ ഹാജിക്കയുടെ അരികില്‍ കൊണ്ടു വെക്കും. അദ്ദേഹം ചുടു മുട്ടച്ചായ ഊതി ഊതി ആസ്വദിച്ചു കുടിക്കുന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഇതേ പോലെ ഉമ്മാമയുടെ മൂത്ത മകന്‍ കാങ്കോലില്‍ നിന്ന് വന്നാലും മുട്ടച്ചായ ഉണ്ടാക്കിക്കൊടുക്കും അന്നത്തെ കാലത്ത് മുട്ടയെല്ലാം അപൂര്‍വ്വ വസ്തുക്കളാണ്. നാടന്‍ കോഴികളെ ഒന്നോ രണ്ടോ മാത്രമെ വീടുകളില്‍ വളര്‍ത്തൂ.
മുട്ടച്ചായ വെക്കുമ്പോള്‍ മുട്ടത്തോട് കുട്ടികളായ ഞങ്ങള്‍ വാങ്ങും. എന്തിനാണെന്നോ? അതിനെക്കൊണ്ട് ഞങ്ങള്‍ക്ക് വേറൊരു പണിയുണ്ട്. മുട്ടത്തോടില്‍ അരി വാരി നിറക്കും. അത് അടുപ്പിലിട്ട് /ചുട്ടെടുക്കും. മുട്ടത്തോട് പൊട്ടിച്ച് ചുട്ടടുത്ത അരി തിന്നും. നല്ല ടേസ്റ്റാണതിന്.
Wwoowww superb