കാസര്‍കോട്: 600 നക്ഷത്രങ്ങള്‍ക്കൊപ്പം 60 അടിയുള്ള ഭീമന്‍ നക്ഷത്രം. കേരളത്തിലെ തന്നെ അപൂര്‍വ്വ ക്രിസ്മസ് കാഴ്ച കാസര്‍കോട്ടാണ്. മാലോം സെന്റ് ജോര്‍ജ് ഫൊറോന ദേവാലയങ്കണത്തിലാണ് ഈ അപൂര്‍വ കാഴ്ച. 300 കിലോ തൂക്കമുള്ള ഇരുമ്പ് പൈപ്പും 3500 സ്‌ക്വയര്‍ ഫീറ്റ് തുണിയും ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചത്. ഒരു ലക്ഷം രൂപ നിര്‍മാണത്തിന് ചെലവായി. ഇടവകയിലെ 600 കുടുംബങ്ങളെ പ്രതിനിധീകരിച്ചാണ് 600 ചെറിയ നക്ഷത്രങ്ങള്‍ അലങ്കരിച്ചിരിക്കുന്നത്. 50 ലധികം ഹാലജന്‍ ലൈറ്റുകളും 30 ട്യൂബ് ലൈറ്റുകളുമാണ് വലിയ നക്ഷത്ത്രിലുള്ളത്. കാസര്‍കോട് മാലോം സെന്റ് ജോര്‍ജ് ഫൊറോന ദേവാലയങ്കണത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ നക്ഷത്രം കാണാന്‍ നിരവധി പേരെത്തുന്നുണ്ട്. പുതുവര്‍ഷം വരെ ഈ കാഴ്ച കാണാനാകും. 15 ഓളം തൊഴിലാളികള്‍ ഒരാഴ്ച പണിപ്പെട്ടാണ് ഈ നക്ഷത്രം നിര്‍മിച്ചത്.
വികാരി ഫാ.ജോസഫ് തൈക്കുന്നംപുറവും അസി.വികാരി ഫാ.പോള്‍ മുണ്ടയ്ക്കലും നിര്‍മാണത്തിന് നേതൃത്വം നല്‍കി. കൈക്കാരന്മാരും ഇടവക ജനങ്ങളും പൂര്‍ണ്ണ സഹകരണവും നിര്‍മ്മാണത്തിനുണ്ടായിരുന്നു. ഇടവക കോഓര്‍ഡിനേറ്ററും പ്രശസ്ത ചിത്രകാരനുമായ സാനി വി.ജോസഫിന്റേതാണ് ആശയം.
വിശ്വാസികള്‍ക്കും ജനങ്ങള്‍ക്കും ഒരുപോലെ വിസ്മയമായിരിക്കുകയാണ് ഈ ഭീമന്‍ നക്ഷത്രം.
