ന്യൂഡല്‍ഹി: 71,000 യുവാക്കള്‍ക്കു കേന്ദ്രസര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച നിയമന ഉത്തരവു വിതരണം ചെയ്തു.
ഒന്നരവര്‍ഷത്തിനിടയില്‍ രാജ്യത്തെ അഭ്യസ്തവിദ്യരായ 10 ലക്ഷം തൊഴില്‍രഹിതര്‍ക്കു കേന്ദ്രസര്‍ക്കാര്‍ ജോലി ഉറപ്പാക്കിയെന്ന് ന്യൂഡെല്‍ഹിയില്‍ ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
ഏതു രാജ്യത്തിന്റെയും വികസനത്തിന്റെയും പുരോഗതിയുടെയും ശക്തിയും അടിത്തറയും യുവാക്കളാണെന്നു പ്രധാനമന്ത്രി പറഞ്ഞു. 2047ല്‍ ഇന്ത്യയെ വികസിത ഇന്ത്യയാക്കാന്‍ എല്ലാവരുടെയും കൂട്ടായ്മ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ ഓരോ നയത്തിന്റെയും പദ്ധതിയുടെയും തീരുമാനത്തിന്റെയും ഹൃദയവികാരം രാജ്യത്തെ കഴിവും പ്രതിഭയുമുള്ള യുവാക്കളാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദശാബ്ദത്തിലെ ഇന്ത്യയുടെ പദ്ധതികള്‍ യുവാക്കള്‍ക്കു വേണ്ടി ഉണ്ടാക്കി. യുവാക്കളാണ് അവ നടപ്പാക്കിയത്. മേക്ക് ഇന്‍ ഇന്ത്യ, ആത്മ നിര്‍ഭര്‍ ഭാരത്, സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ, സ്റ്റാന്‍ഡ്അപ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നീ പദ്ധതികള്‍ യുവാക്കള്‍ക്കും രാജ്യത്തിന്റെ വികസനത്തിനും വേണ്ടി ആവിഷ്‌കരിച്ചു നടപ്പാക്കിയവയാണ്. ഈ പദ്ധതികള്‍ ആവിഷ്‌കരിച്ചതു കേന്ദ്രസര്‍ക്കാരിലെ യുവാക്കളാണ്. അതുവഴി ശൂന്യാകാശ മേഖലയിലും പ്രതിരോധ മേഖലയിലും ഡിജിറ്റല്‍ മേഖലയിലും രാജ്യത്തിനു കുതിച്ചുചാട്ടം ഉണ്ടാക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും യുവാക്കളാണ്. ഇതിന്റെ നേട്ടം യുവാക്കള്‍ക്കും രാജ്യത്തിനുമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ രാജ്യത്തിന്റെ നേട്ടത്തിലും വികസനത്തിലും പങ്കാളികളാവാന്‍ പുതുതായി നിയമനം ലഭിച്ചവര്‍ക്കു കഴിയണമെന്നു പ്രധാനമന്ത്രി പ്രത്യാശിച്ചു.
