‘അന്തസ്സ്, അഭിമാനം-നിര്‍വചനം എന്തോ ആകട്ടെ; അത് ലിംഗ ഭേദാധിഷ്ഠിതമായി പരിമിതപ്പെടുത്താവുന്നതല്ല. സ്ത്രീക്കും പുരുഷനും ഓരോ മാനദണ്ഡം.’
ഈ അര്‍ത്ഥം വരുന്ന അഭിപ്രായമുണ്ടായത് കേരള ഹൈക്കോടതിയില്‍ നിന്നാണ്. ചലച്ചിത്ര മേഖലയിലാകെ അടുത്ത കാലത്ത് വിവാദം സൃഷ്ടിച്ച ഒരു പീഡനക്കേസ് പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ വിധിയില്‍. വാക്കാല്‍ നിരീക്ഷിക്കുകയായിരുന്നില്ല, മുന്‍കൂര്‍ ജാമ്യഹര്‍ജി അനുവദിച്ചു കൊണ്ടു വിധി പ്രഖ്യാപിക്കുകയായിരുന്നു. ആലുവ സ്വദേശിനിയായ ഒരു നടി താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആരോപിച്ച് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസില്‍ ബോധിപ്പിച്ച പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍.
മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ ബഹു.ജഡ്ജി ചൂണ്ടിക്കാട്ടിയ ന്യായം, താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന് പരാതിപ്പെടാന്‍ പതിനേഴ് കൊല്ലത്തെ കാലതാമസം ഉണ്ടായി എന്നതായിരുന്നു. അഭിമാനം വ്രണപ്പെട്ടു എന്ന് തോന്നിയത് സംഭവം കഴിഞ്ഞ് പതിനേഴു കൊല്ലത്തിനു ശേഷം!’ ദേ ഇങ്ങോട്ട് നോക്ക്യേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനെത്തിയതായിരുന്നു നടി. അപ്പോള്‍ ബാലചന്ദ്രമേനോന്‍ തന്നെ കടന്നു പിടിച്ചെന്നും ദുരുദ്യേശത്തോടെ മുറിയിലേക്ക് ക്ഷണിച്ചു എന്നുമായിരുന്നു പരാതി. സ്ത്രീയുടെ അന്തസ്സും അഭിമാനവും കളങ്കപ്പെടുത്തി എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തി ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
അറസ്റ്റും തുടര്‍ നടപടികളും (ചോദ്യം ചെയ്യലും കുറ്റം സമ്മതിക്കാന്‍ മൂന്നാംമുറ അടക്കമുള്ള പീഡനങ്ങള്‍) ഉണ്ടാകുമല്ലോ. അതില്‍ നിന്നും ഒഴിവാകാന്‍ വേണ്ടി മേനോന്‍ ഒളിവില്‍ പോയി; മുന്‍കൂര്‍ ജാമ്യം അനുവദിക്കണം; ആരോപണം നിഷേധിക്കുന്നു; തെളിവു നല്‍കാം; കോടതി ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകാം എന്ന് ഉറപ്പു നല്‍കുന്നു എന്ന് ബോധിപ്പിക്കുന്ന ഹര്‍ജി അഭിഭാഷകന്‍ വഴി ഫയല്‍ ചെയ്തു. (ഒളിവില്‍ കഴിയുന്ന പിടികിട്ടാപ്പുള്ളിക്ക് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ല എന്ന് വ്യക്തമാക്കുന്ന സുപ്രിം കോടതി വിധിയുണ്ടായിട്ടുണ്ടല്ലോ. പരാതിക്കാരിയുടെ വക്കീല്‍ ഇക്കാര്യം ഹര്‍ജി പരിഗണിക്കുന്ന കോടതിയില്‍ ചൂണ്ടിക്കാണിച്ചോ? അറിയില്ല. വാര്‍ത്തയില്‍ കണ്ടില്ല).
നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ തന്റെ അന്തസ്സും അഭിമാനവും വ്രണപ്പെടുത്തി എന്നാണല്ലോ നടിയുടെ പരാതി. ഇതേ ന്യായം തന്നെയാണ് കുറ്റാരോപിതന്‍ ‘സ്വന്തം പരിച’യായി ഉപയോഗിച്ചത്. എങ്ങനെയെന്ന് വ്യക്തമാക്കാം: താന്‍ നാല്‍പതിലധികം സിനിമകള്‍ ചെയ്തിട്ടുണ്ട്. രാഷ്ട്രം പത്മശ്രീ പുരസ്‌കാരം നല്‍കി തന്നെ ആദരിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ മികച്ച പ്രകടനം വിലയിരുത്തി രണ്ട് ദേശിയ അവാര്‍ഡുകള്‍ സമ്മാനിച്ചിട്ടുണ്ട്. തന്റെ പ്രതിച്ഛായ തകര്‍ക്കുക എന്ന ദുരുദ്ദേശം-അതൊന്നു മാത്രമാണ്, പതിനേഴുകൊല്ലം വൈകിയുള്ള പരാതിയില്‍ കാണുന്നത്.; കാണേണ്ടത്. പ്രശസ്ത വ്യക്തികളുടെ ഇമേജ് തകര്‍ക്കുക-ഇതില്‍ ആനന്ദം കാണുന്ന സ്വഭാവമാണ് ഈ നടിക്കും ഉള്ളത് എന്ന് തോന്നുന്നു.
ചലച്ചിത്ര മേഖലയിലെ പ്രശസ്തരായ മുകേഷ്, ഇടവേള ബാബു, ജയസൂര്യ തുടങ്ങിയവര്‍ക്കെതിരെ സമാനമായ പീഡനാരോപണങ്ങള്‍ ഉന്നയിച്ചതും ഇതേ നടിയാണത്രെ.
ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നത്-ഭാഗികമായിട്ട്-2024 ആഗസ്റ്റ് 19ന്. 2017 ജുലൈ മാസത്തിലാണ് കേരള ഗവണ്‍മെന്റ് മുന്‍ കേരള ഹൈക്കോടതി ജഡ്ജി ജ.ഹേമയുടെ അധ്യക്ഷതയില്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചത്. പതിവുപോലെ ജുഡീഷ്യല്‍ കമ്മീഷനല്ല ഇപ്പോഴത്തേത്; അഡൈ്വസറി കമ്മിറ്റി മാത്രമാണ്. കമ്മീഷനും കമ്മറ്റിയും ഒരേ സ്വഭാവമുള്ളതല്ലത്രെ. അധികാരവും. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ചും തര്‍ക്കമുണ്ട്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന നടന്മാരില്‍ ഒരാള്‍ മുകേഷ് എം.എല്‍.എ ആണ്. ഭരണപക്ഷ സാമാജികന്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഏറ്റു പിടിക്കാന്‍ അതൊന്നു മാത്രം മതിയല്ലോ. അത് മറ്റൊരു വിഷയം. എല്ലാ കാലത്തും സമാന നിലപാട്.
കോടതിയുത്തരവില്‍ പറഞ്ഞ കാര്യം: അന്തസ്സും അഭിമാനവും-ലിംഗഭേദാധിഷ്ഠിതമല്ല എന്നത്-ചിന്തനീയമാണ്. നമ്മുടെ പൊതുധാരണ മറ്റൊന്നാണല്ലോ. പുരാണേതിഹാസങ്ങളും കാവ്യ നാടകാദികളും ദൃഷ്ടാന്തം. ഗാന്ധര്‍വ്വ വിധി പ്രകാരം രഹസ്യ വിവാഹത്തെത്തുടര്‍ന്ന് ദുഷ്യന്ത മഹാരാജാവില്‍ നിന്നു ഗര്‍ഭം ധരിച്ച ശകുന്തളയെ കണ്വമഹര്‍ഷി രാജസന്നിധിയിലേക്കയക്കുന്ന വേളയില്‍ നല്‍കിയ സന്ദേശം. ഇവളെയും ഭാര്യമാരില്‍ ഒ രുവളായി സ്വീകരിക്കണം എന്ന് (താന്‍ മുമ്പ് പലരെയും ഭാര്യമാരായി പരിഗ്രഹിച്ചിട്ടുണ്ട് എന്ന് ദുഷ്യന്തന്‍ നേരത്തെ ശകുന്തളയെ അറിയിച്ചിരുന്നു (അഭിജ്ഞാനശാകുന്തളം മൂന്നാം അങ്കം)
എന്നാല്‍, മുമ്പിലെത്തിയ ശകുന്തളയെ രാജാവ് തിരിച്ചറിഞ്ഞില്ല. ആരില്‍ നിന്ന് ഗര്‍ഭം ധരിച്ചു എന്ന് ഉറപ്പാക്കാതെ സ്വീകരിക്കുന്നതെങ്ങനെ? ശകുന്തള തിരസ്‌കരിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ കണ്വശിഷ്യന്‍ ശാരദ്വതന്‍ പറയുന്നു: ഉപപന്നാഹി ദാരേഷ്ഠപ്രഭുതാ സര്‍വ്വതോമുഖി (5.25) ഭാര്യയുടെ മേല്‍ ഏതുതരം അധികാരവും നടത്താന്‍ ഭര്‍ത്താവിന് അവകാശമുണ്ട്.
പീഡനാവകാശമോ? ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജ. സമീര്‍ ദവെ, ഒരു കേസ് പരിഗണിക്കവെ പ്രമാണമാക്കിയത് മനുസ്മൃതിയെ ആയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ഗര്‍ഭിണിയായി. ആരില്‍ നിന്നോ. ഗര്‍ഭഛിദ്രം നടത്താന്‍ അനുമതിക്കപേക്ഷിച്ച് കോടതിയെ സമീപിച്ചു. കീഴ്ക്കോടതി അപേക്ഷ തള്ളി. ഹൈക്കോടതിയില്‍ അപ്പീല്‍ ബോധിപ്പിച്ചപ്പോള്‍ ജസ്റ്റിസ് സമീര്‍ ദവെ പറഞ്ഞു: പതിനേഴ് വയസ്സ് തികയും മുമ്പെ സ്ത്രീകള്‍ ഗര്‍ഭം ധരിക്കും; പ്രസവിക്കും. പതിനാല്-പതിനഞ്ച് വയസ്സാകുമ്പോഴേക്കും പെണ്‍കുട്ടികള്‍ പക്വത നേടും. തീരുമാനമെടുക്കാന്‍ പ്രാപ്തിയുണ്ടാകും. ഇക്കാര്യം മനസ്സിലാക്കാന്‍ വേണ്ടിയെങ്കിലും മനുസ്മൃതി വായിക്കുക.
ദേ ഇങ്ങോട്ട് നോക്യേ’-വേണ്ട, പറയേണ്ട. കോടതി കേറേണ്ടി വരും.