ഇടുക്കി: ഇടുക്കി അരുവികുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. മുട്ടം എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളായ ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണൽ ഷാജി (22), ഒന്നാം വർഷ വിദ്യാർഥിനി കൊല്ലം തലവൂർ മഞ്ഞക്കാല പള്ളിക്കിഴക്കേതിൽ അക്‌സാ റെജി (18) എന്നിവരാണ് മരിച്ചത്. വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ ഒഴിക്കൽപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ മുതൽ ഇവരെ കാണാനില്ലെന്ന് സഹപാഠികൾ പറഞ്ഞിരുന്നു. തുടർന്ന് സഹപാഠികളും, ഫയർഫോഴ്സും, പൊലീസും, നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. കുത്തുഴുക്കുള്ളതും നിരവധി കയങ്ങളുമുള്ള പ്രദേശമാണിവിടം. മാലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യാൻ പ്രാദേശിക ടിവി ചാനൽ പ്രവർത്തകർ എത്തിയിരുന്നു. അവർ പാറയിൽ ബാഗും ഫോണും വസ്ത്രങ്ങളും വെച്ചിരിക്കുന്നത് കണ്ടു. ആളെ കണ്ടതുമില്ല. വൈകിട്ടും വസ്ത്രങ്ങളും ബാഗും കണ്ടതോടെ പൊലീസിൽ വിവരമറിക്കുകയായിരുന്നു. അങ്ങനെയാണ് വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ടിട്ടുണ്ടെന്ന് മനസ്സിലായത്. വീട്ടിലേക്കാണെന്ന് പറഞ്ഞാണ് ഇരുവരും ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയത്. ആത്മഹത്യ അല്ലെന്നാണ് പൊലീസ് പറയുന്നത്.
