കൊല്ലം: കുടിവെള്ളമെടുക്കാന്‍ പോയ യുവതി വള്ളം മറിഞ്ഞ് മരിച്ചു. കൊല്ലം പുത്തന്‍തുരുത്ത് സ്വദേശി സന്ധ്യ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. സന്ധ്യയും മകനും മത്സ്യബന്ധനത്തിന് ശേഷം കുടിവെള്ളമെടുക്കാനായി തൊട്ടടുള്ള ഐസ് പ്ലാന്റിലേക്ക് പോയിരുന്നു. വെള്ളം ശേഖരിച്ച് മടങ്ങി വരുന്നതിനിടയിലാണ് വള്ളം മറഞ്ഞത്. സമീപത്തുണ്ടായിരുന്ന മറ്റ് മല്‍സ്യത്തൊഴിലാളികള്‍ വന്നാണ് വള്ളത്തിന്റെ അടിയില്‍ നിന്ന് സന്ധ്യ സെബാസ്റ്റ്യനെ പൊക്കിയെടുത്ത്. യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സന്ധ്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കഴിഞ്ഞ രണ്ടാഴ്ചയായി കുടിവെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് തുരുത്ത് നിവാസികള്‍ ചെറുവള്ളങ്ങളില്‍ മറുകരകളില്‍ എത്തിയാണ് വെള്ളം കൊണ്ടുവരുന്നത്. ചവറ പാലത്തിനടുത്തുള്ള പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്നാണ് തുരുത്തില്‍ കുടിവെള്ളം ലഭിക്കാത്തത്. 9 തുരുത്തുകളാണ് ഈ ഭാഗത്ത് ഉള്ളത്. ഏകദേശം അഞ്ഞൂറോളം കുടുംബങ്ങളാണ് ഇവിടെ താസിക്കുന്നത്. തുരുത്ത് നിവാസികളുടെ കുടിവെള്ള പ്രശ്‌നം കഴിഞ്ഞ കുറച്ചധികം നാളുകളായി മുന്നോട്ട് വരുന്ന പ്രശ്‌നമാണ്. പക്ഷെ ഇതിനാവശ്യമായ ബദല്‍ സംവിധാനങ്ങള്‍ എത്തിക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
