ബെർലിൻ: ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറി രണ്ട് മരണം. സംഭവത്തിൽ എഴുപതോളം പേർക്ക് പരിക്കേറ്റു, ക്രിസ്മസ് മാർക്കറ്റിലേയ്ക്ക് അമിതവേഗതയിൽ വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിൽ സൗദി പൗരനായ ഡോക്ടറെ ജർമ്മൻ പൊലീസ് അറസ്റ്റ് ചെയ്തു.ബെർലിൻ്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കിഴക്കൻ നഗരമായ മാഗ്ഡെബർഗിലാണ് സംഭവം. ക്രിസ്‌മസ് മാർക്കറ്റിനു കുറുകെ 400 മീറ്ററെങ്കിലും വാഹനം ഓടിച്ചെന്നാണ് പൊലീസ് പറയുന്നത്. 2006 മുതൽ ഇയാൾ ജർമനിയിലുണ്ടെന്നും ഭീകരാക്രമണമാണോയെന്ന് അന്വേഷിക്കുന്നുവെന്നുമാണ് ജർമ്മൻ പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.ജർമ്മൻ പ്രാദേശിക സമയം വൈകുന്നേരം ഏഴുമണിക്കാണ് കറുത്ത ബിഎംഡബ്ല്യൂ കാർ അമിത വേഗതയിൽ ആൾക്കൂട്ടത്തിലേയ്ക്ക് ഇടിച്ചുകയറ്റിയത്. മ്യൂനിച്ച് ലൈസൻസ് നമ്പർ പ്ലേറ്റുള്ള വാടകയ്‌ക്കെടുത്ത കാറാണ് സൗദി പൗരൻ ആൾക്കൂട്ടത്തിലേയ്ക്ക് ഇടിച്ചു കയറ്റിയതെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിൽ 15 പേർക്ക് ഗുരുതരമായ പരിക്കേറ്റതായാണ് മാഗ്ഡെബർഗ് ജില്ലാ ഭരണകൂടം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. 37 പേർക്ക് സാരമായ പരിക്കും 16 പേർക്ക് നിസ്സാരമായ പരിക്കും പറ്റിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്.