കാസര്‍കോട്: കാസര്‍കോട്, പെരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വയലും വീടും കൂട്ടായ്മ ഏര്‍പ്പെടുത്തിയ വയലുംവീടും ഹരിത പുരസ്‌കാരത്തിനു ഡോ. സന്തോഷ് കുമാര്‍ കൂക്കളിനെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇരിയണ്ണി, ഓലത്തുകയ സ്വദേശിയായ സന്തോഷ് കുമാര്‍ ന്യൂദെല്‍ഹിയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജനിറ്റിക് എഞ്ചിനീയറിംഗ് ആന്റ് ബയോടെക് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനാണ്. അന്താരാഷ്ട്ര ജേര്‍ണലുകളില്‍ 14ല്‍പ്പരം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്രരംഗത്തെ സംഭാവനകളും പരിസ്ഥിതി-സംരക്ഷണ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് സന്തോഷിനെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തതെന്ന് ജൂറി കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ. ചന്ദ്രന്‍ പറഞ്ഞു. പ്രഥമ പുരസ്‌കാരം കെ.ടി.എസ് പനയാലിനായിരുന്നു.
ഡിസംബര്‍ 22ന് പെരിയ, ആയമ്പാറയില്‍ നടക്കുന്ന വയലും വീടും ഹരിത സംഗമത്തില്‍ വച്ച് 10,000 രൂപയും പ്രശംസാപത്രവുമടങ്ങിയ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രസിഡണ്ട് ഇ. ജനാര്‍ദ്ദനന്‍ പാണൂര്‍, സെക്രട്ടറി കണ്ണാലയം നാരായണന്‍, ട്രഷറര്‍ എ. ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് രവീന്ദ്രന്‍ കൊടക്കാട് എന്നിവര്‍ പറഞ്ഞു. സംഗമം തൃശൂര്‍, കണ്ണാറവാഴ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. ഗവാസ് രാഗേഷ് ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ മുഖ്യാതിഥിയാകും. സംഗമത്തില്‍ വച്ച് പത്മശ്രീ സത്യനാരായണ ബളേരി, ബാലന്‍ കുന്നുമ്മല്‍ എന്നിവരെ ആദരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
