എന്റെ കദീത്ത
നിഷ്‌ക്കളങ്കയായ ഒരു പെണ്‍കുട്ടിയായിരുന്നു. ഞാനറിയുന്ന ഖദീജ എന്ന പെണ്‍കുട്ടി
എന്റെ ആറ് വയസ്സു മുതല്‍ എനിക്ക് അവളെ അറിയാം. അന്നവള്‍ക്ക് പതിനൊന്നോ പന്ത്രണ്ടോ വയസ്സായി ക്കാണും. ഇരു നിറമുള്ള സുന്ദരിയായ പെണ്‍കുട്ടി. അവളുടെ ബാപ്പ പ്രമുഖനായ കച്ചവടക്കാരനായിരുന്നു. ആനിക്കാടി എന്ന ഗ്രാമ പ്രദേശത്തായിരുന്നു അവരുടെ താമസം. വീടിനോട് ചേര്‍ന്നായിരുന്നു കച്ചവട പീടിക. എന്റെ ഉമ്മുമ്മയുടെ ജ്യേഷ്ഠത്തിയുടെ മകളായ കുഞ്ഞായിസു ആണ് കദീത്താന്റെ ഉമ്മ. കുഞ്ഞായിസു സൗന്ദര്യവതിയായിരുന്നു. അതിനാലാവാം പ്രമുഖ കച്ചവടക്കാരനായ അസിനാര്‍ അവരെ ജീവിത പങ്കാളിയാക്കിയത്. സന്തോഷത്തോടെയുള്ള സുഖജീവിതമാണ് അവര്‍ നയിച്ചു വന്നത്. ആനിക്കാടി എന്ന പ്രദേശത്തെ ഞങ്ങള്‍ വീട്ടില്‍ പറയുക ‘മുളി’ എന്നാണ്. എങ്ങനെ ആ പേരു വന്നു, എന്നറിയില്ല 1960 നു മുന്നേ ചെറുവത്തൂര്‍ ചീമേനി റോഡ് മുളി വഴിയാണ് കടന്നുപോയത്. ആ കാലം മുതല്‍ അതിലൂടെ ബസ് സര്‍വ്വീസ് ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു. അതിനൊരു വിഡ്ഢിത്ത ഓര്‍മ്മ മനസ്സിലുണ്ട്. ഞാനും ഉമ്മയും ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ മുളിയിലേക്ക് പോവാറുണ്ട്. കൂക്കാനത്തുനിന്ന് രണ്ട് മണിക്കൂറോളം നടന്നാലെ മുളിയിലെത്തു. അവിടെ എത്തിയപ്പോള്‍ കദീത്ത എന്നെ സുയിപ്പാക്കാന്‍ വേണ്ടി പറഞ്ഞ കാര്യം ഇന്നും ഓര്‍മ്മയുണ്ട്. അതേവരെയും ബസ്സും റോഡും ഒന്നും കാണാത്തവനായിരുന്നു ഞാന്‍. ‘ കുട നിവര്‍ത്തി കാണിച്ചാലും കൈ കാണിച്ചാലും ബസ്സ് നില്‍ക്കും. അതൊന്ന് പരീക്ഷിക്കാന്‍ ഞാന്‍ തയ്യാറായി. ബസ്സ് വരുമ്പോള്‍ ഞാന്‍വീടിന് പിറകില്‍ മറഞ്ഞ് നിന്ന് കുട നിവര്‍ത്തി കാണിച്ചു. ബസ്സ് നില്‍ക്കാതെ പോയി. കദീത്ത എന്നെ കളിയാക്കി. ‘എടാ പൊട്ടാ, ബസ്സ് ഡ്രൈവര്‍ കുട നിവര്‍ത്തിയത് കാണണമെങ്കില്‍ റോഡില്‍ ഇറങ്ങണം. എങ്കിലേ ബസ്സ് നിര്‍ത്തു. ‘
അവിടെ നിന്ന് നല്ല ഭക്ഷണം കിട്ടും. കച്ചവടക്കാരല്ലേ? പീടികയില്‍ നിന്ന് ആവശ്യമുള്ള സാധനം എടുക്കാം. ഭക്ഷണമുണ്ടാക്കാം.
കുറച്ചുകാലം കഴിയുമ്പോഴേക്കും കദീത്താക്ക് ഒരനുജന്‍ പിറന്നു. ഇബ്രാഹിം ഇച്ച. അവനും എനിക്ക് മൂത്തതാണ്.
തുടര്‍ന്ന് കുഞ്ഞായിസു മൂത്തമ്മ ആമിന, നഫീസ, സഫിയ, ഉസ്മാന്‍ തുടങ്ങി മൊത്തം ആറ് മക്കളുടെ ഉമ്മയായി. എനിക്ക് പത്ത് പന്ത്രണ്ട് വയസ്സായപ്പോള്‍ ഞാനറിഞ്ഞത് അസിനാര്‍ മൂത്തപ്പയുടെ കച്ചവടം പൊളിഞ്ഞു. എല്ലാം നഷ്ടപ്പെട്ടുപോയി എന്നാണ്. ഏറ്റവും വലിയ സമ്പത്തിന്റെ ഉടമയായ വ്യക്തി പാപ്പര്‍ സ്യൂട്ട് ആവാന്‍ അധികകാലമൊന്നും വേണ്ട. അദ്ദേഹം അഭിമാനിയാണ്. മിച്ചം വന്ന സ്ഥലത്ത് ചെറിയൊരു ഷെഡ് കെട്ടി കച്ചവടം തുടങ്ങി. താമസവും അതില്‍ തന്നെയാക്കി. ഭാര്യയെയും മക്കളെയും ഭാര്യയുടെ അനിയത്തി മറിയുമ്മ എന്നവരുടെ പറമ്പില്‍ ചെറിയൊരു കൂര കെട്ടി താമസിപ്പിച്ചു. സുഖലോലുപതയില്‍ കഴിഞ്ഞിരുന്ന കുടുംബം തികഞ്ഞ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. ജീവിതമാര്‍ഗ്ഗത്തിനായി അവിലിടിക്കുന്ന തൊഴില്‍ ചെയ്യാന്‍ തുടങ്ങി. ആരുടെ മുമ്പിലും കൈനീട്ടാതെ ആറു മക്കളെ പട്ടിണിക്കിടാതെ പോറ്റി വളര്‍ത്താന്‍ അവര്‍ പെടാപാടുപെട്ടു.
മൂത്ത മകള്‍ കദീത്തക്കൊഴികെ പ്രാഥമിക വിദ്യാഭ്യാസം നല്‍കാന്‍ കഴിഞ്ഞു. ആയിസു മൂത്തമ്മ നിരക്ഷരയായിരുന്നു. അതേ പോലെ പാവം കദീത്തയും അക്ഷര വെളിച്ചം കിട്ടാതെ ജീവിക്കേണ്ടിവന്നു.
ദാരിദ്ര്യത്തിന്റെ പരമകോടിയില്‍ കദീത്ത കൂക്കാനത്തെ ഞങ്ങളുടെ വീട്ടിലേക്ക് വെള്ളച്ചാലില്‍ നിന്ന് നടന്നു വരുമായിരുന്നു. കദീത്ത വരുന്നത് ഞങ്ങള്‍ക്കൊരു സന്തോഷമായിരുന്നു. വെള്ളച്ചാലില്‍ നിന്ന് ഓലാട്ടുവഴി പലിയേരിയിലൂടെ വെള്ള വയല്‍ കടന്ന് ചീമേങ്കാരന്‍ കണ്ണേട്ടന്റെ വീടിന്റെ ചവുതിയിലൂടെ ചുടു കാടിന് സമീപമുള്ള കയ്യാല കടന്നു തുള്ളി ഞങ്ങള്‍ താമസിക്കുന്ന പറമ്പിലെത്തും. ഞങ്ങളുടെ വീട്ടിലിരുന്നു പടിഞ്ഞാറോട്ട് നോക്കിയാല്‍ കദീത്ത വരുന്നത് കാണാം. ഒരു ദിവസം വീടിനടുത്ത് എത്താറായപ്പോള്‍ മഴതുടങ്ങി. കയ്യില്‍ കരുതിയ മങ്ങണം തലയ്ക്കു പൊത്തി പ്രയാസത്തോടെ നടന്നു വരുന്ന ചിത്രം ഇപ്പോഴും മനസ്സില്‍ പച്ചപിടിച്ചു നില്‍പ്പുണ്ട്. ഒരു മങ്ങണം വാങ്ങിച്ചു കൊണ്ടുവരാന്‍ ഉമ്മ ഏല്‍പ്പിച്ചിരുന്നതിനാലാണ് തലയ്ക്ക് മഴ കൊള്ളാതെ രക്ഷപെട്ടത്.
എളിമയാണ് കദീത്താന്റെ മുഖമുദ്ര. ഇപ്പോള്‍ കദീത്താക്ക് എന്‍പത്തിമൂന്ന് വയസ്സായി. ഇതേ വരെ ആരോടും വെറുപ്പോടെ സംസാരിക്കുന്നതോ, മുഖം കറുത്ത് വര്‍ത്തമാനം പറയുന്നതോ ഞാന്‍ കണ്ടിട്ടില്ല.
വെള്ളച്ചാലില്‍ താമസിച്ചുവരുന്നതിനിടെ താല്‍ക്കാലികമായി കെട്ടി ഉണ്ടാക്കിയ കൂര പൊളിഞ്ഞു. എവിടെയും താമസിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ കുഞ്ഞായിസു മൂത്തമ്മയും മക്കളും ഞങ്ങള്‍ താമസിക്കുന്ന വീട്ടിലേക്കുവന്നു. അവര്‍ക്കും തറവാട് സ്വത്തില്‍ അവകാശമുണ്ടായിരുന്നു. ഇരുപത് വയസ്സു കഴിഞ്ഞ കദീത്താക്ക് വിവാഹ ആലോചനയൊന്നും വന്നില്ല. വീടില്ല. സമ്പത്തില്ല. ഇങ്ങിനെയുള്ള അവസ്ഥയില്‍ വിവാഹം ചെയ്യാന്‍ പുരുഷന്മാര്‍ തയ്യാറാവില്ല. ഈ കാര്യമൊക്കെ അറിയുന്ന പെരളത്തു താമസിക്കുന്ന ഓണക്കുന്നിലെ സ്റ്റേഷനറി കച്ചവടക്കാരനായ മനുഷ്യസ്‌നേഹിയായ അബൂബക്കര്‍ എന്ന ചെറുപ്പക്കാരന്‍ കദീത്തയെ നിക്കാഹ് കഴിക്കാന്‍ തയ്യാറായി വന്നു. ഞങ്ങളുടെ തറവാട് വീട്ടില്‍ ആകെയുള്ളത് രണ്ട് ഇരുട്ടറകളാണ്. അതില്‍ ഒന്ന് മണിയറയാക്കി. അതില്‍ ഒരു കട്ടിലും കിടക്കയും മാത്രം സംഘടിപ്പിച്ചു വെച്ചു. എല്ലാവരും സഹായിച്ചും സഹകരിച്ചും കല്യാണ സദ്യ ഒരുക്കി. അന്നത്തെ സദ്യ നെയ്‌ച്ചോറും നാടന്‍ കോഴിക്കറിയും മാത്രമായിരുന്നു. ഞാന്‍ എന്റെ പങ്കാളിത്തം ഉണ്ടാക്കിയത് ഓല വെടി ( തത്ത വെടി) വാങ്ങി പുതിയാപ്ല വീട്ടിലേക്ക് കടക്കുമ്പോള്‍ പൊട്ടിക്കുക എന്നതായിരുന്നു.
അതോടെ ജീവിത യാത്രയില്‍ ഒരാളുടെ സപ്പോര്‍ട്ട് കിട്ടി. അബൂബക്കര്‍ അധ്വാനിയാണ്. തറവാട് സ്വത്ത് ഭാഗം വെച്ചു കിട്ടിയ സ്ഥലത്ത് ചെറിയൊരു വീടുവെച്ചു. കദീത്ത അവിടേക്ക് താമസം മാറ്റി. നാളുകള്‍ കഴിഞ്ഞപ്പോള്‍ ഭൂരഹിതയായ കുഞ്ഞായിസു മൂത്തമ്മക്ക് സര്‍ക്കാര്‍ വക നാല് ഏക്ര ഭൂമി വലിയ പൊയില്‍ എന്ന സ്ഥലത്ത് ലഭിക്കുകയുണ്ടായി. ഒട്ടും വൈകാതെ സൗജന്യമായി കിട്ടിയ സ്ഥലത്ത് ഒരു കൊച്ചു വീട് പണിത് മക്കളെയും കൂട്ടി അവിടെ താമസം തുടങ്ങി. കഷ്ടപ്പാടില്‍ നിന്നുള്ള മോചനത്തിന്റെ തുടക്കമായിരുന്നു.
ബാല്യകാല ജീവിതം സൗഭാഗ്യത്തിന്റെ മടിത്തട്ടിലിലായിരുന്നു! കൗമാര കാലം ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ അമര്‍ന്നു. യൗവന കാലഘട്ടത്തില്‍ സുഖജീവിതത്തിന്റെ കോണികള്‍ കയറി പോവാന്‍ തുടങ്ങി. ഇപ്പോഴിതാ വാര്‍ദ്ധക്യത്തില്‍ സകലവിധേനയുള്ള സുഖസൗകര്യങ്ങള്‍ നുകര്‍ന്നു ജീവിച്ചു വരുന്നു.
കതീത്ത നാല് പെണ്‍മക്കള്‍ക്ക് ജന്മം നല്‍കി. പെണ്‍മക്കളുണ്ടായാല്‍ ജീവിതം നരകിച്ചു പോവുമെന്ന ചിന്ത പൊതു സമൂഹത്തില്‍ നിലനിന്ന കാലത്താണ് കദീത്ത പെണ്‍മക്കളെക്കൊണ്ട് ജീവിതം ധന്യമാക്കിക്കൊണ്ടിരിക്കുന്നത്. മൂത്ത മകള്‍ ആയിഷ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്ത് വിരമിച്ചു. രണ്ടാമത്തെ മകള്‍ ആമിന കാഞ്ഞങ്ങാട് പ്രൈവറ്റ് സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തു വരുന്നു. മൂന്നാമത്തെ മകള്‍ ഷൈലജയും, നാലാമത്തെ മകള്‍ റംലയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരായി പ്രവര്‍ത്തിച്ചു വരുന്നു. കദീത്തയുടെ കൊച്ചുമക്കളില്‍ രണ്ട് പേര്‍ ഡോക്ടര്‍മാരാണ്. ഒരാള്‍ എഞ്ചിനീയറും ഒരാള്‍ കോളേജ് അധ്യാപികയുമാണ്. കൂടാതെ കൊച്ചുമക്കളില്‍ നാല് പേര്‍ ഗള്‍ഫ് മേഖലയില്‍ ഉയര്‍ന്ന മേഖലകളില്‍ ജോലി ചെയ്തു വരുന്നു.
ഇതെല്ലാം സന്തോഷത്തിന് വക നല്‍കുന്നുവെങ്കിലും മക്കളെ വളര്‍ത്തി വലുതാക്കാന്‍ കഷ്ടപ്പാടുകളുടെ കടല്‍ നീന്തിക്കടന്ന കുഞ്ഞായിസു മൂത്തമ്മാക്ക് ഇതൊന്നും കാണാനും ആസ്വദിക്കാനും സാധിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സിലൊരു വിങ്ങല്‍.