ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിളക്കത്തില്‍ മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍. പിങ്ഗള കേശിനി എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായിരിക്കുന്നത്. പ്രഭാവര്‍മ്മ, ഡോക്ടര്‍ കവടിയാര്‍ രാമചന്ദ്രന്‍, എം കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. നിരവധി ഗാനങ്ങളുടെയും കവിതകളുടെയും വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലും സുപ്രസിദ്ധനാണ് കെ ജയകുമാര്‍. മലയാളത്തിലും ഇംഗ്ലീഷിലുമായി പത്തു കവിതാസമാഹാരങ്ങള്‍ ഉള്‍പ്പെടെ നാല്‍പ്പതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടാഗോറിന്റെ ഗീതാഞ്ജലി, റൂമിയുടെ കവിതകള്‍, ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍, മനുഷ്യപുത്രനായ യേശു, സോളമന്റെ പ്രണയഗീതം എന്നിവ പ്രധാനപ്പെട്ട പരിഭാഷകളാണ്. കേരള സര്‍വകലാശാലയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജയകുമാര്‍ കവി, ചലച്ചിത്ര ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വമാണ്. 1952 ഒക്ടോബര്‍ ആറിന് സിനിമാ സംവിധായകനായ എം കൃഷ്ണന്‍ നായരുടെയും സുലോചനയുടെയും മകനായി തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്. 1978ല്‍ ഐഎഎസ് നേടിയ അദ്ദേഹം കോഴിക്കോട് ജില്ല കളക്ടര്‍, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍, വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി തുടങ്ങിയ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
24 ഭാഷകളിലാണ് പുരസ്‌കാര പ്രഖ്യാപനം. നിലവില്‍ 21 ഭാഷകളിലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എട്ട് കവിതാ സമാഹാരങ്ങള്‍ക്കും മൂന്ന് നോവലുകള്‍ക്കും രണ്ട് ചെറുകഥാ സമാഹാരങ്ങള്‍ക്കും മൂന്ന് ഉപന്യാസങ്ങള്‍ക്കും മൂന്ന് സാഹിത്യ വിമര്‍ശന പുസ്തകങ്ങള്‍ക്കും ഒരു നാടകത്തിനുമാണ് നിലവില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.