കൊച്ചി: ഹോളിവുഡ് നടനും തിരക്കഥാകൃത്തും സംവിധായകനും വ്യവസായിയുമായിരുന്ന തോമസ് ബെര്‍ളി ഓര്‍മയായി. 93 വയസായിരുന്നു. ഫോര്‍ട്ട്‌കൊച്ചിയിലെ കുരിശിങ്കല്‍ കുടുംബാംഗമാണ്. ദീര്‍ഘകാലമായി മത്സ്യസംസ്‌കരണ- കയറ്റുമതി രംഗത്ത് സജീവമായിരുന്നു. കേരളത്തില്‍ നിന്നുള്ള ആദ്യ ഹോളിവുഡ് നടന്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. പ്രസിദ്ധമായ ‘കുരിശിങ്കല്‍’ കുടുംബത്തില്‍ 1932 സെപ്റ്റംബര്‍ 1നാണ് തോമസ് ബെര്‍ളിയുടെ ജനനം. മുന്‍ കൗണ്‍സിലര്‍മാരായ കെ ജെ ബെര്‍ളിയുടെയും ആനി ബെര്‍ളിയുടെയും മകന്‍. ഫോര്‍ട്ടുകൊച്ചിയിലും എറണാകുളത്തുമായിരുന്നു വിദ്യാഭ്യാസം. ചെറുപ്പം മുതലേ കലാസാഹിത്യരംഗത്തും അഭിനയത്തിലും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
മലയാളസിനിമയുടെ പ്രാരംഭകാലത്ത് ശ്രദ്ധിക്കപ്പെട്ട ‘തിരമാല ‘എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചുകൊണ്ടാണ് ബെര്‍ളി 1953 ല്‍ ചലച്ചിത്ര ലോകത്തേക്ക് വന്നത്. കൊച്ചി ചെല്ലാനത്തെ വിമല്‍കുമാര്‍ ആയിരുന്നു സംവിധായകന്‍. ഈ ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച തോമസ് ബെര്‍ളിയുടെ കൂടെ പ്രധാന വില്ലനായി വേഷമിട്ടത് പിന്നീട് മലയാള സിനിമയില്‍ തിളങ്ങുന്ന നക്ഷത്രമായ സത്യനായിരുന്നു. ഗാനങ്ങള്‍ ചെയ്ത വിമല്‍ കുമാറിന്റെ പ്രധാന സഹായി ബാബുരാജ് ആയിരുന്നു. ‘തിരമാല’ പുറത്തിറങ്ങി രണ്ടാം വര്‍ഷം തോമസ് ബെര്‍ളി കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ ചലച്ചിത്രപഠനത്തിനായി അമേരിക്കയിലേക്ക് പോയി. അവിടെനിന്ന് സിനിമാപഠനം പൂര്‍ത്തിയാക്കിയ ശേഷം നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചു. കൗബോയ് ചിത്രങ്ങളിലും അവിടുത്തെ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിക്കുവാന്‍ അവസരം കിട്ടി. ഫ്രാങ്ക് സിനാത്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘നെവര്‍ സോ ഫ്യൂ’ എന്ന ഹോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചു. ഫ്രാങ്ക് സിനാത്ര, ജീന ലോലോ ബ്രിജിഡ, സ്റ്റീവ് മക്വീന്‍ എന്നിവരുമായി അടുത്ത സൗഹൃദം പുലര്‍ത്തി. ഹോളിവുഡില്‍ ‘മായാ’ എന്നൊരു ചിത്രം കുട്ടികള്‍ക്കായി പുറത്തിറക്കി. ഒരു ചിത്രത്തിനു വേണ്ടി കഥയെഴുതുവാനും അവസരം ലഭിച്ചു. ചിത്രരചനയിലും തല്‍പരനായിരുന്ന ബെര്‍ളി രചിച്ച ‘ഗാലിയന്‍’ എന്ന ചിത്രം രാജ്യാന്തര ചിത്രരചനാപ്രദര്‍ശനത്തിലും ഇടംനേടി.
എഴുപതുകളില്‍ കൊച്ചിയില്‍ തിരിച്ചെത്തി മത്സ്യക്കയറ്റുമതി വ്യവസായിയായി. ഏറെ വൈകാതെ വീണ്ടും സിനിമയില്‍ ആകൃഷ്ടനായി. 1973ല്‍ ‘ഇതു മനുഷ്യനോ’ എന്ന സിനിമ സംവിധാനം ചെയ്തു. മലയാളത്തിലെ വളരെ ശ്രദ്ധിക്കപ്പെട്ട ‘സുഖമൊരു ബിന്ദു, ദുഃഖമൊരു ബിന്ദു’ എന്ന ഗാനം ഈ സിനിമയിലേതാണ്. 1985ല്‍ പ്രേംനസീറിനെ നായകനാക്കി ‘വെള്ളരിക്കാപ്പട്ടണം’ എന്ന സിനിമ സംവിധാനം ചെയ്തു. ‘വെള്ളരിക്കാപ്പട്ടണ’ത്തിന്റെ നിര്‍മാണവും (എബ്രഹാം തരകനോടൊപ്പം), തിരക്കഥ- സംഭാഷണവും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നതും തോമസ് ബെര്‍ളിയായിരുന്നു.
ഭാര്യ: സോഫി തോമസ്. മക്കള്‍: ടാനിയ എബ്രഹാം, തരുണ്‍ കുരിശിങ്കല്‍, ടാമിയ ജോര്‍ജ്. മരുമക്കള്‍: എബ്രഹാം തോമസ്, ജോര്‍ജ് ജേക്കബ്.