കൊച്ചി: സ്‌ക്രാപ്പ് വ്യാപാരിയുടെ മരണം കൊലപാതകം; യുവദമ്പതികള്‍ അറസ്റ്റില്‍. ബീഹാര്‍ സ്വദേശികളായ കൗശല്‍ കുമാര്‍ (25), ഭാര്യ അസ്മിത കുമാരി (24) എന്നിവരെയാണ് തൃക്കാക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ എ.കെ സുധീറിന്റെ നേത്വത്തില്‍ അറസ്റ്റു ചെയ്തത്. കാക്കനാട്ടെ സ്‌ക്രാപ്പ് വ്യാപാരി വാഴക്കാല, ഓത്തുപള്ളി റോഡില്‍, സൈറ മന്‍സിലില്‍ എം.എ സലീമി(69)ന്റെ മരണം കൊലപാതകമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. സലീമിന്റെ വീട്ടുജോലിക്കാരിയാണ് അസ്മിത. സലീമിന്റെ ഭാര്യയും രണ്ടു മക്കളും വിദേശത്തും ഒരു മകള്‍ കോയമ്പത്തൂരിലുമാണ്. അസ്മിതക്കൊപ്പം സലീമിന്റെ വീട്ടിലെ പ്ലംബിംഗ് ജോലിക്കായി കൗശല്‍ കുമാര്‍ വരാറുണ്ടായിരുന്നു.
രണ്ടാഴ്ച മുമ്പ് അസ്മിത ജോലി ചെയ്തതിന്റെ ശമ്പളവുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നു. ഇതിനിടയില്‍ ഉന്തും തള്ളും ഉണ്ടായപ്പോള്‍ സലിം തലയിടിച്ചു വീണുവെന്നും മരിച്ചുവെന്നു ബോധ്യപ്പെട്ടതോടെയാണ് വീട്ടില്‍ മോഷണം നടത്തി സ്ഥലം വിട്ടതെന്നും അറസ്റ്റിലായ ദമ്പതികള്‍ പൊലീസിനു മൊഴി നല്‍കി. എന്നാല്‍ സലീമിന്റെ മൃതദേഹത്തില്‍ അടിയോ ചവിട്ടോ ഏറ്റതു പോലുള്ള ബാഹ്യമോ ആന്തരികമോ ആയ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ വീട്ടില്‍ കവര്‍ച്ച നടന്നിട്ടുള്ളതായി സംശയിച്ച് സലീമിന്റെ മകള്‍ പൊലീസിനു പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും ദമ്പതികള്‍ അറസ്റ്റിലായതും.
