കാസര്‍കോട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടിടത്ത് കവര്‍ച്ച. പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ബല്ല, ഇക്ബാല്‍ ഗേറ്റിനു സമീപത്തു പ്രവര്‍ത്തിക്കുന്ന സെന്റ് തെരേസ കോളേജ് ഓഫ് സയന്‍സില്‍ നിന്നു അരലക്ഷം രൂപയാണ് കവര്‍ച്ച പോയത്. പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ പ്ലാസ്റ്റിക് പാത്രത്തില്‍ സൂക്ഷിച്ചിരുന്ന പണമാണ് കൈക്കലാക്കിയത്. കോളേജ് ജീവനക്കാരിയായ ടി. ആതിര നല്‍കിയ പരാതിയില്‍ കേസെടുത്തു. വ്യാഴാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു.
കോട്ടച്ചേരി, അതിഞ്ഞാലില്‍ എ.പി റഹ്‌മത്തുള്ളയുടെ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ മേക്കിംഗ് ഇന്‍ഡസ്ട്രീസിലും കവര്‍ച്ച നടന്നു. സ്ഥാപനത്തിന്റെ ഗേറ്റിലെ പൂട്ട് പൊളിച്ച് അകത്തു കടന്ന് 45,000 രൂപ വില വരുന്ന പൈപ്പ് ബെന്‍ഡിംഗ് മെഷീന്റെ ഗിയര്‍ സെറ്റ് മോഷ്ടിച്ചതായി റഹ്‌മത്തുള്ള നല്‍കിയ പരാതിയില്‍ പറഞ്ഞു. കവര്‍ച്ചയ്ക്ക് പിന്നില്‍ ആബിദ് (25) എന്നയാളാണെന്നു സംശയിക്കുന്നതായി കൂട്ടിച്ചേര്‍ത്തു.
