കാസര്‍കോട്: മുളിയാര്‍, മൂലടുക്കത്തെ റാഷിദിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. റാഷിദിന്റെ മരണത്തില്‍ പൊതുജനങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശങ്കയുണ്ട്. ഇത് മാറ്റാന്‍ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടു വരേണ്ടതുണ്ടെന്നു യോഗം ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച വൈകുന്നേരമാണ് റാഷിദിനെ മൂലടുക്കം, പുഴക്കര റോഡിനു സമീപത്തെ കാട്ടിനകത്തു മരിച്ച നിലയില്‍ കാണപ്പെട്ടത്. കാലുകളിലും കഴുത്തിലും പരിക്കുണ്ടായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം എന്താണെന്നു കൃത്യമായി മനസ്സിലാകുവെന്നാണ് പൊലീസ് നിലപാട്.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ലീഗ് പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് വിശദമായ അന്വേഷണം ആവശ്യപ്പെട്ടത്. മുളിയാറില്‍ ഭീതി പരത്തി കൊണ്ടിരിക്കുന്ന പുലിയെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പിടികൂടി ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ബി.എം അബൂബക്കര്‍ ഹാജി ആധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത്, നിയോജക മണ്ഡലം സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി,, മണ്ഡലം സെക്രട്ടറി എം.കെ അബ്ദുല്‍ റഹ്‌മാന്‍, ഖാലിദ് ബെള്ളിപ്പാടി, മുഹമ്മദ്, ബി.എം അഷ്റഫ്, ബി.കെ ഹംസ, അബ്ദുല്ല, രമേശന്‍ മുതലപ്പാറ, ഖാദര്‍ ആലൂര്‍, അനീസ മല്ലത്ത്, എസ്.എം മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.
