കാസര്‍കോട്: കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ കര്‍ണ്ണാടക ബണ്ട്വാള്‍, പുതുവിലെ സാദത്ത് അലി (30)അറസ്റ്റില്‍. മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ക്ഷേത്രങ്ങളിലടക്കം നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. നവംബര്‍ 11ന് പുലര്‍ച്ചെ വൊര്‍ക്കാടി, ദൈഗോളിയില്‍ കാറില്‍ ഗ്യാസ് കട്ടര്‍ അടക്കമുള്ള മാരകായുധങ്ങളുമായി രണ്ടു പേരെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കര്‍ണ്ണാടക, തുംകൂര്‍ സ്വദേശി സയ്യദ് അമാന്‍, ഉള്ളാളിലെ ഫൈസല്‍ എന്നിവരെയാണ് അന്നു കയ്യോടെ പിടികൂടിയിരുന്നത്. കൂട്ടാളികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇവരില്‍ കര്‍ണ്ണാടക, പുത്തൂര്‍, കഡബയിലെ ഇബ്രാഹിം കലന്തറിനെ പിന്നീട് അറസ്റ്റു ചെയ്തു. ഇയാളില്‍ നിന്നുമാണ് ഇപ്പോള്‍ അറസ്റ്റിലായ സാദത്ത് അലിയെ കുറിച്ചുള്ള വിവരം ലഭിച്ചത്.
കാസര്‍കോട്ട് വന്‍ കവര്‍ച്ചയ്ക്ക് പദ്ധതിയിട്ട് അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം എത്തുന്നുണ്ടെന്നറിഞ്ഞ് മഞ്ചേശ്വരം പൊലീസ് നാട്ടുകാരുടെ സഹായത്തോടെ നവംബര്‍ 11ന് രാത്രി വിവിധ സ്ഥലങ്ങളില്‍ ജാഗ്രത പാലിച്ചുവരുന്നതിനിടയിലാണ് സംഘം പുലര്‍ച്ചെ ദൈഗോളിയില്‍ പിടിയിലായത്. സാദത്ത് അലിയെ വിശദമായി ചോദ്യം ചെയ്യുന്നതോടെ രക്ഷപ്പെട്ട കൂട്ടു പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം.
