ഹൈദരാബാദ്: പുഷ്പ 2 റിലീസ് ദിനത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ ഇടക്കാല ജാമ്യം ലഭിച്ച നടൻ അല്ലു അർജുൻ ശനിയാഴ്ച രാവിലെ ജയിൽ മോചിതനായി. ജയിലിലെ പ്രധാന കവാടത്തിന് പുറത്ത് ആരാധകരടക്കമുള്ള നിരവധി പേര്‍ കാത്തുനിൽക്കെ പിന്‍ഗേറ്റ് വഴിയാണ് അല്ലുവിനെ പുറത്തിറക്കിയത്. കേസിൽ അറസ്റ്റിലായ നടനെ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തതിനെ തുടർന്നായിരുന്നു ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റിയത്. റിമാൻഡ് ചെയ്ത് ഒരുമണിക്കൂറിനുള്ളിൽ തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചെങ്കിലും കോടതി ഉത്തരവ് ജയിൽ അധികൃതർക്ക് ലഭിക്കാൻ വൈകിയതോടെ അല്ലു അർജുന് ജയിലിൽ തുടരേണ്ടിവരികയായിയുന്നു. അദ്ദേഹത്തിന്റെ അഭിഭാഷകൻ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കിയെങ്കിലും അത് സ്വീകരിക്കാൻ ജയിൽ അധികൃതർ തയ്യാറായിരുന്നില്ല. തുടർന്നായിരുന്നു ജാമ്യ നടപടികൾ ഇന്നത്തേക്ക് മാറ്റിയത്. കേസില്‍ തിയേറ്റര്‍ ഉടമ, മാനേജര്‍, സുരക്ഷാ മേധാവി തുടങ്ങിയവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഈമാസം നാലിന് രാത്രി പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് മുപ്പത്തൊന്‍പതുകാരി മരിച്ചത്. സിനിമ കാണാനെത്തിയ താരത്തിനൊപ്പം സെല്‍ഫിയെടുക്കാനുള്ള ആരാധകരുടെ ശ്രമമാണു അത്യാഹിതമുണ്ടാക്കിയത്.നടന്‍റെ അംഗരക്ഷകര്‍ ഉണ്ടാക്കിയ തിക്കും തിരക്കുമാണ് മുപ്പത്തൊമ്പതുകാരി രേവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. തിയറ്റർ മാനേജ്മെന്‍റും കേസിൽ പ്രതികളാണ്. അല്ലു അര്‍ജുനും സംഗീത സംവിധായകന്‍ ദേവിശ്രി പ്രസാദും ആരാധകര്‍ക്കൊപ്പം സിനിമ കണ്ടിറങ്ങവേയാണ് തിക്കിത്തിരക്കുണ്ടായതും കുടുംബത്തോടൊപ്പം വന്ന രേവതി അതില്‍പ്പെട്ടതും. അതേസമയം അല്ലുവിന്റെ അറസ്റ്റിന് പിന്നാലെ തെലങ്കാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുകയാണ്. അറസ്റ്റില്‍ രേവന്ത് റെഡ്ഢി സര്‍ക്കാരിനെതിരെ ബിജെപിയും ടിആര്‍എസും സിനിമ പ്രവര്‍ത്തകരും രംഗത്തെത്തി. അല്ലു അര്‍ജുന്‍റെ അറസ്റ്റില്‍ തെലങ്കാന സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നു.