മൊഗ്രാല്‍: ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മൊഗ്രാലിലെ അബ്ബാസ് മൊയ്ലാര് ഉന്നയിച്ച തര്‍ക്കവും കോടതി കേസും മൂലം മൂന്ന് വര്‍ഷമായി തടസ്സപ്പെട്ടു കിടന്ന മൊഗ്രാല്‍ ടൗണിന് സമീപത്തെ ദേശീയപാത സര്‍വീസ് റോഡ് നിര്‍മ്മാണം പുനരാരംഭിച്ചു.
നാമമാത്രമായ നഷ്ടപരിഹാരത്തുകയെ ചൊല്ലിയാണ് സ്ഥലമുടമ അബ്ബാസ് മൊയ്ലാര് ഹൈക്കോടതിയെ സമീപിച്ചത്. അധികൃതര്‍ ഇതു സംബന്ധിച്ച് പല തവണ ചര്‍ച്ച നടത്തിയെങ്കിലും പരാതിക്കാരന് പരാതിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതുമൂലം ഈ ഭാഗത്തെ സര്‍വീസ് റോഡ് നിര്‍മ്മാണം കോടതി ഇടപെടലിനെത്തുടര്‍ന്ന് തടസ്സപ്പെട്ടു. ഒടുവില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് മൊഗ്രാലിലെ ഭൂമി സംബന്ധമായ മൊയ്ലാരുടെ പരാതിക്ക് പരിഹാരമായത്.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇങ്ങനെ ജില്ലയില്‍ മറ്റു ചില കേസുകളും നിലവിലുണ്ടെന്നു പറയുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇക്കാര്യം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. അടുത്തവര്‍ഷം ദേശീയപാത തലപ്പാടി- ചെങ്കള, ചെങ്കള- കാലിക്കടവ് റീച്ച് തുറന്നു കൊടുക്കണമെന്നു ദേശീയപാത അതോറിറ്റി സംസ്ഥാന സര്‍ക്കാരിനെ മുന്നറിയിച്ചിട്ടുണ്ട്.
