ഹൈദരാബാദ്: 12 വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിനെ പിതാവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി കൊലപ്പെടുത്തി തിരിച്ചുപോയി. ഡിസംബര്‍ ആറിന് ആന്ധ്രാപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പീഡിപ്പിച്ച കൊലപ്പെടുത്തിയശേഷം അന്ന് വൈകീട്ടുതന്നെ പിതാവ് വിദേശത്തേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് ഇയാള്‍ സ്വന്തം യുട്യൂബ് ചാനലിലൂടെ ഇക്കാര്യം ഏറ്റുപറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. 15 വര്‍ഷമായി കുവൈത്തില്‍ ജോലിചെയ്യുന്ന ആന്ധ്രപ്രദേശ് സ്വദേശിയാണ് കൊലപാതകം നടത്തിയത്. പ്രതിയും ഭാര്യയും മകളും കുവൈത്തിലാണ് താമസിച്ചുവരുന്നത്. ഒരുവര്‍ഷം മുമ്പ് മകളെ നാട്ടില്‍ അയച്ചു. ഭാര്യയുടെ സഹോദരിയെ കുട്ടിയെ നോക്കാന്‍ ഏല്‍പിച്ചിരുന്നു. അതിനിടെ അവരുടെ ബന്ധുവീട്ടിലെത്തി 12 കാരിയെ നിരന്തരം പീഡിപ്പിച്ചു. മാസങ്ങള്‍ക്ക് ശേഷം ഗള്‍ഫില്‍ നിന്നെത്തിയ മുത്തശ്ശിയോട് കുട്ടി ഇക്കാര്യം പറഞ്ഞപ്പോഴാണ് പീഡനം പുറത്തറിഞ്ഞത്. പരാതി നല്‍കിയെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നീക്കങ്ങളുണ്ടായില്ല. പീഡനം നടത്തിയ ആളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു പൊലീസ് ചെയ്തത്. ഇതോടെയാണ് മകളോട് അതിക്രമം കാട്ടിയവരോട് പ്രതികാരം ചെയ്യാന്‍ പിതാവ് തീരുമാനമെടുത്തത്. തുടര്‍ന്ന് കുവൈത്തില്‍നിന്ന് ആന്ധ്രയിലെത്തിയ പിതാവ് ഇരുമ്പ് ദണ്ഡുകൊണ്ട് മര്‍ദിച്ച് ആരോപണവിധേയനായ ബന്ധുവിനെ കൊലപ്പെടുത്തി. അന്നുതന്നെ വിദേശത്തേയ്ക്ക് മടങ്ങുകയും ചെയ്തു. സംഭവം വിവാദമായതോടെ പൊലീസ് പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
