കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുളിയാര്‍, മൂലടുക്കത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ദുരൂഹതയേറുന്നു. മകന്റെ മരണത്തില്‍ സംശയം ഉണ്ടെന്ന് മാതാവ് മൊഴി നല്‍കി. സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമെന്ന് ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജ് പറഞ്ഞു.
മൂലടുക്കം, കാവുപ്പടിയിലെ എടനീര്‍ അബ്ദുള്ളയുടെ മകന്‍ റാഷിദി (22)നെ ബുധനാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മൂലടുക്കം, പുഴക്കര റോഡിലെ കാടു നിറഞ്ഞ സ്ഥലത്തെ മരച്ചുവട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. ഇരുകാലുകളിലും പരിക്കേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മുറിവുകളില്‍ നിന്നു രക്തം ഒലിച്ചിറങ്ങിയ നിലയിലാണ്. മുറിവു ഉണ്ടായത് എങ്ങനെയാണെന്നു വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
വീട്ടില്‍ നിന്നു നൂറു മീറ്റര്‍ മാറിയുള്ള ഷെഡിനകത്താണ് റാഷിദ് കഴിഞ്ഞിരുന്നത്. ഇവിടേക്ക് ഭക്ഷണം എത്തിച്ചു കൊടുക്കലാണ് പതിവ്. ബുധനാഴ്ച രാവിലെ മാതാവ് ആയിഷ ചായയുമായി ഷെഡ്ഡില്‍ എത്തിയെങ്കിലും റാഷിദിനെ കണ്ടില്ല. ചായ ഷെഡില്‍ വച്ചു മടങ്ങി. പിന്നീട് മൊബൈല്‍ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച്ഡ് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്.
വിവരമറിഞ്ഞെത്തിയ റാഷിദിന്റെ സുഹൃത്ത് അസ്‌കറും റാഷിദിന്റെ മാതാവ് ആയിഷയും നടത്തിയ തെരച്ചിലിലാണ് ഷെഡില്‍ നിന്നു 50 മീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജ്, ആദൂര്‍ ഇന്‍സ്‌പെക്ടര്‍ കെ. സുനുമോന്‍, എസ്.ഐ കെ. വിനോദ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചു.
ശരീരത്തില്‍ മുറിവ് കാണപ്പെട്ടതാണ് സംശയത്തിനു ഇടയാക്കുന്നത്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ സമീപ സ്ഥലങ്ങളില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും കണ്ടെത്താനായില്ല. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി അര്‍ധരാത്രിയോടെയാണ് ഡിവൈ.എസ്.പി.യും സംഘവും മടങ്ങിയത്. വ്യാഴാഴ്ച രാവിലെ പൊലീസ് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
ബംഗ്‌ളൂരുവില്‍ സഹോദരന്റെ ഹോട്ടലില്‍ സഹായിയായി നില്‍ക്കുകയായിരുന്ന റാഷിദ് ഏതാനും ദിവസം മുമ്പാണ് വീട്ടിലെത്തിയത്. അടുത്ത ദിവസം തന്നെ തിരികെ പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് റാഷിദിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. സഹോദരങ്ങള്‍: രജിനാസ്, ഇര്‍ഷാദ്, സാബിറ.