കാസര്‍കോട്: കാഞ്ഞങ്ങാട്, അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയിലെ ഹോസ്റ്റലില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇതു കണക്കിലെടുത്ത് വിദ്യാര്‍ത്ഥിനിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചന തുടങ്ങി. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ന്യൂറോ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയാല്‍ ഗുണകരമാകുമോയെന്ന ആലോചന തുടരുകയാണ്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് 21കാരിയായ യുവതി ആശുപത്രി കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ കെട്ടിത്തൂങ്ങിയത്. വിവരമറിഞ്ഞ് എത്തിയ ആശുപത്രി അധികൃതര്‍ വിദ്യാര്‍ത്ഥിനിയെ താഴെയിറക്കി പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മംഗ്‌ളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ദിവസങ്ങളായി വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സ നടത്തിയിട്ടും നേരിയ പുരോഗതി പോലും കൈവരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആശുപത്രി മാറ്റത്തെ കുറിച്ചു ആലോചിക്കുന്നത്.